കുന്നത്തൂർ: കിഫ്ബി പദ്ധതി വഴി രാജ്യാന്തര നിലവാരത്തിൽ നവീകരണം നടക്കുന്ന കുന്നത്തൂർ നെടിയവിള - ഏഴാംമൈൽ റോഡിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ അധികൃതർക്ക് വൈമനസ്യമെന്ന് ആക്ഷേപം. ചിറ്റുമല മൂന്നുമുക്ക്- തെങ്ങമം റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് നിലവിൽ നവീകരണം നടക്കുന്നത്. നെടിയവിള മുതൽ ഏഴാംമൈൽ വരെയുള്ള ഭാഗത്തെ റോഡ് നൂറ്, ഇരുനൂറ് മീറ്റുകൾ വീതം ഇളക്കിയ ശേഷം ഉറപ്പിക്കുകയും പിന്നീട് ടാറിംഗ് നടത്തുന്നതാണ് രീതി.
എന്നാൽ ആഴ്ചകളായി റോഡ് ഇളക്കിയിട്ട പനന്തോപ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ജോലികൾ അനിശ്ചിതത്വത്തിലായിരുന്നതിനാൽ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുന്നത് പതിവായി. റോഡിൽ നിന്ന് ഉയരുന്ന പൊടിശല്യവും വാഹനയാത്രികരെയും ജനങ്ങളെയും വലയ്ക്കുന്നുണ്ട്. ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് ബലപ്പിക്കൽ നടപടിയെങ്കിലും ആരംഭിച്ചത്.
കിഫ്ബി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇവിടേക്ക് തിരിഞ്ഞു നോക്കാറേയില്ലെന്നും പരാതിയുണ്ട്. കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച ശേഷം എട്ടു മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ച് 5.5 മീറ്റർ ടാറിങ് നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ കൈയ്യേറ്റക്കാരുടെ രാഷ്ട്രീയ സ്വാധീനം കാരണം ഇത് നടപ്പാകുന്നിെല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ കൊടും വളവുകൾ ഒരു പരിധി വരെയെങ്കിലും നിവർത്താൻ കഴിയുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കയാണ്.
വളവുകൾ പഴയപടി
സ്ഥിരം അപകടമേഖലയായ കുന്നത്തൂർ തീയേറ്റർ ജംഗ്ഷനിലെയും പനന്തോപ്പ് ഗുരുമന്ദിരം ഭാഗത്തെയും കൊടുംവളവുകൾ പഴയപടി നിലനിർത്തിയാണ് നവീകരണം നടത്തുന്നത്. കൊട്ടാരക്കര പ്രധാന പാതയിൽ നിന്ന് ഏഴാംമൈലിലേക്ക് തിരിയുന്ന കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ റോഡ് പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന കടകൾ ഒഴിപ്പിക്കാതിരിക്കുന്നതും റോഡ് വികസനത്തെ സാരമായി ബാധിക്കാനിടയുണ്ട്.
പ്രയോജനം 6 പഞ്ചായത്തുകൾക്ക്
01.കിഴക്കേകല്ലട
02. കുന്നത്തൂർ
03. ശാസ്താംകോട്ട
04. കടമ്പനാട്
06. പോരുവഴി
06. പള്ളിക്കൽ