കൊല്ലം: കുണ്ടറ നാന്തിരിയ്ക്കൽ സ്വദേശിനി ഷീല മരിച്ചതെങ്ങനെ? അതറിയാൻ മാതാവ് നൽകിയ പരാതിയെ തുടർന്ന് കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയിട്ട് ഒന്നര മാസമായി. എന്നാൽ, ഇതിന്റെ പരിശോധനാ ഫലം അനന്തമായി വൈകുകയാണ്. ദുരൂഹ മരണങ്ങളുടെ പോസ്റ്റുമോർട്ടം കഴിഞ്ഞാൽ അന്നോ അടുത്ത ദിവസങ്ങളിലോ ബന്ധപ്പെട്ട ഡോക്ടർമാർ അന്വേഷണ സംഘത്തിന് സൂചനകൾ നൽകാറുണ്ട്. ഷീലയുടെ കാര്യത്തിൽ ഇതും നടന്നില്ല. ആറ് മാസം മുൻപ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തുവെന്നത് തന്നെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാലാണ്. എന്നാൽ, ഫോറൻസിക് പരിശോധാഫലം വൈകുന്നത് സംശയങ്ങൾക്കിട നൽകുന്നുവെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിന്റെ ആശങ്ക ഷീലയുടെ ബന്ധുക്കൾ 'ഫ്ളാഷി'നോട് പങ്കുവച്ചു.
ജീവിതത്തുടക്കം
കുണ്ടറ നാന്തിരിക്കലിലെ തീർത്തും സാധാരണ കുടുംബമായ ഷീബാഭവനത്തിൽ ആൻഡ്രൂസിന്റെയും സ്റ്റാൻസിയുടെയും നാല് മക്കളിൽ മൂത്തയാളാണ് മരിച്ച ഷീല. അയൽവാസിയായ സിംസണുമായി ഷീല അടുപ്പത്തിലാവുകയും പിന്നീട് പതിനാറാം വയസിൽ ഒന്നിച്ച് ജീവിതം തുടങ്ങിയതുമാണ്. ഇറച്ചിവെട്ട് തൊഴിലായി സ്വീകരിച്ച സിംസൺ സാമ്പത്തികമായി വളർന്നതോടെ അവർ നാന്തിരിയ്ക്കലിൽതന്നെ പുതിയ വീട് നിർമ്മിച്ച് (ഷിനു ഭവൻ) അവിടേക്ക് താമസം മാറി. എന്നാൽ, അതിനൊപ്പം വീട്ടിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. മിക്കപ്പോഴും ഷീലയും സിംസണും തമ്മിൽ വഴക്കായിരുന്നെന്നാണ് ബന്ധുക്കളും അയൽക്കാരും പറഞ്ഞത്.
ഇതിനിടെ 2019 ജൂലായ് 29 നാണ് ഷീലയെ അവശ നിലയിൽ കണ്ടെത്തിയത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ബന്ധുക്കളെത്തിയപ്പോൾ ഷീലയുടെ ചെവിയിലും മൂക്കിലും നിന്ന് രക്തം വന്നത് ശ്രദ്ധയിൽ പെട്ടു. ആദ്യ കാഴ്ചയിൽത്തന്നെ സംശയങ്ങൾക്കിടയാക്കി. പൊലീസിനോട് സംശയം പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം ചെയ്യാതെ ജൂലായ് 31ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു.
സംശയങ്ങൾ അന്നുമുതൽ
ഷീലയുടെ മരണത്തിൽ മാതാവ് സ്റ്റാൻസിയ്ക്കും സഹോദരി ഷീനയ്ക്കും അന്നുമുതൽ സംശയങ്ങളുണ്ടായിരുന്നു. ഇവർ പിന്നീട് പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. അടുത്തിടെ റൂറൽ എസ്.പി ഹരിശങ്കറിന് ഷീന തന്റെ സംശയങ്ങൾ നിരത്തി പരാതി നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയപ്പോൾ മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങുമെന്ന് എല്ലാവരും കരുതി. നിരവധി ആളുകളുടെ മൊഴി രേഖപ്പെടുത്തിയ സംഘം കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചു. ജനുവരി 17ന് മൃതദേഹം പുറത്തെടുത്ത് അവിടെവച്ചുതന്നെ പോസ്റ്റുമോർട്ടം നടത്തി. പൊലീസ്, തഹസിൽദാർ, ഫോറൻസിക് എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട പോസ്റ്റുമോർട്ടവും മറ്റ് തെളിവെടുപ്പുകളും പൂർത്തിയാക്കി അന്വേഷണ സംഘം ഉൾപ്പടെ മടങ്ങി. പിന്നീട് അന്വേഷണത്തിൽ നാളിതുവരെ പുരോഗതി കൈവന്നിട്ടില്ല.
''
ഷീലയുടെ പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ട് എന്നിവ ഇനിയും ലഭിച്ചിട്ടില്ല. ഇത് ലഭിക്കാതെ മരണകാരണം വ്യക്തമാകില്ല. റിപ്പോർട്ട് വന്നാലുടൻ തുടർ നടപടി കൈക്കൊള്ളും.
എ.അശോകൻ, ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്
''ഷീലയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിച്ച നാൾ മുതൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തപ്പോൾ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഒന്നര മാസമെത്തിയിട്ടും റിപ്പോർട്ട് വന്നില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം. ബാഹ്യ ഇടപെടൽ ഉണ്ടാകുമോ?
ഷീന, ഷീലയുടെ സഹോദരി