kauthukam

തായ്‌ലാൻഡിലെ നാക്കോൺ ഫാനോം എന്ന ഗ്രാമത്തിലുള്ളവർ ഭയത്തോടെയാണ് ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിലായി അഞ്ച് ആരോഗ്യവാന്മാരായ ചെറുപ്പക്കാർ ഉറക്കത്തിനിടെ മരിച്ചതാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്. പ്രേതത്തിന്റെ ആക്രമണമാണത്രേ കാരണം. പുരുഷന്മാരെ മാത്രമാണ് പ്രേതം ആക്രമിക്കുന്നത് എന്നതിനാൽ, സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് ഇപ്പോൾ ഇവിടത്തെ പുരുഷന്മാർ നടക്കുന്നതത്രേ. സ്ത്രീകളുടെ വസ്ത്രം ധരിക്കുക മാത്രമല്ല, ഉറങ്ങാൻ സമയമാകുമ്പോൾ സ്ത്രീകളെപ്പോലെ മേക്കപ്പുമിടും.

ഏതോ ഒരു വിധവയുടെ പ്രേതം ഗ്രാമത്തിൽ കറങ്ങി നടക്കുകയാണെന്നും ഗ്രാമത്തിലെ ചെറുപ്പക്കാരായ യുവാക്കളെ കൊന്നൊടുക്കുമെന്നും അവർ ഭയക്കുന്നു. പുരുഷന്മാരില്ലെന്ന് പ്രേതത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഭർത്താക്കന്മാരെ സ്ത്രീകൾ അവരുടെ വസ്ത്രമണിയിച്ച് ഒരുക്കി കിടത്തിയുറക്കുന്നത്. ഇത്തരം പരിപാടി ആരംഭിച്ചശേഷം ആരും മരിച്ചിട്ടില്ലെന്നതിനാൽ, എല്ലാ വീടുകളിലും പുരുഷന്മാർ സ്ത്രീകളുടെ വേഷം ധരിച്ചാണിപ്പോൾ ഉറങ്ങുന്നത്.

90 പേർ മാത്രമാണ് നാക്കോൺ ഫാനോം ഗ്രാമത്തിലുള്ളത്. മരിച്ച അഞ്ച് യുവാക്കളും ആരോഗ്യവാന്മാരായിരുന്നു. രാത്രി കുളിച്ച് ഉറങ്ങാൻ കിടന്ന് അല്പസമയത്തിനുശേഷമാണ് എല്ലാവരും മരിച്ചത്. സമാനരീതിയിലാണ് അഞ്ചുപേരും മരിച്ചത് എന്നതിനാൽ ഇത് പ്രേതത്തിന്റെ ആക്രമണമാണെന്ന് വിശ്വസിക്കാൻ ഗ്രാമവാസികളെ നിർബന്ധിതരാക്കി. സ്ത്രീവേഷം കെട്ടിയുറങ്ങിയാൽ പ്രേതം തെറ്റിദ്ധരിച്ച് പിന്മാറുമെന്നും അവർ കരുതുന്നു. വീടിന് പുറത്ത് പുരുഷന്മാരുടെ കോലം ഉണ്ടാക്കിവച്ച് പ്രേതത്തെ തെറ്റിദ്ധരിപ്പിക്കാനും ഗ്രാമവാസികൾ ശ്രമിക്കുന്നുണ്ട്.