ഓച്ചിറ: തീരപ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച ഓച്ചിറ കുടിവെള്ള പദ്ധതി ജനങ്ങൾക്ക് ബാദ്ധ്യതയാകുന്നു. ജലക്ഷാമത്താൽ പൊറുതിമുട്ടിയ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം അടിക്കടി മുടങ്ങുന്നതും ചില സ്ഥലങ്ങളിൽ ഒട്ടും വെള്ളം ലഭിക്കാത്തതുമാണ് തിരിച്ചടിയാകുന്നത്. മുമ്പ് ഉണ്ടായിരുന്ന ചില കുടിവെള്ള പദ്ധതികൾ ഓച്ചിറ പദ്ധതിക്കായി നിറുത്തലാക്കിയതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
വേനൽ കടുത്തതോടെ ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയായത്. ഇവിടെയെല്ലാം പ്രധാന ആശ്രയം ഓച്ചിറ കുടിവെള്ള പദ്ധതിയാണ്. ഇവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഓച്ചിറ പായിക്കുഴി ഒന്നും രണ്ടും വാർഡുകളിൽ ഒരുതുള്ളി വെള്ളംപോലും പദ്ധതിയിലൂടെ ലഭിച്ചിട്ടില്ല. ഇതിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
പഴയ എൻ.എച്ചിന് കുറുകെയുള്ള പൈപ്പ് അടഞ്ഞുപോയതാണ് ജലവിതരണം തടസപ്പെടാൻ കാരണമെന്നാണ് വാട്ടർ അതോറിറ്രി അധികൃതർ പറയുന്നത്. റോഡ് പൊളിച്ച് പുതിയ പൈപ്പിടാൻ പൊതുമരാമത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എത്രയും വേഗം കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നും അസി. എൻജിനിയർ ഉറപ്പ് നൽകിയെങ്കിലും ഒരു പുരോഗതിയും ഇതുവരെ ഉണ്ടായില്ല.
കുടിവെള്ളത്താനായി നാട്ടുകാരുടെ ഉപരോധം
കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒഴിഞ്ഞ കുടങ്ങളുമായി വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഓച്ചിറ അസിസ്റ്റന്റ് എൻജിനിയർ കാര്യാലയം ഉപരോധിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ 12, 13, 15 വാർഡുകളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ക്ലാപ്പന കുന്നിമണ്ണേൽകടവ് തത്വമസി കാളകെട്ട് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ഗ്രാമപഞ്ചായത്തംഗങ്ങളായ ക്ലാപ്പന ഷിബു, ഗീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
തുടർച്ചയായി ജലവിതരണം മുടങ്ങുന്നത് വാട്ടർ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥയാണന്ന് ആരോപിച്ച് ഐ.എൻ.ടി.യു.സി ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ഓച്ചിറ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
പഴയ പദ്ധതികൾ നിറുത്തി
ജപ്പാൻ ഗവൺമെന്റിന്റെ ധനസഹായത്തോടുകൂടി ആരഭിച്ച ഓച്ചിറ
പദ്ധതിക്ക് ജലം എത്തിക്കുന്നത് മാവേലിക്കരയ്ക്ക് സമീപം കണ്ടിയൂർ കടവിൽ നിന്നാണ്. ഇത് ഓച്ചിറ മേമനയുള്ള പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് ജലസംഭരണികളിൽ ശേഖരിച്ച് വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യും. കോടിക്കണക്കിന് രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഇത് ആരംഭിച്ചതോടെ ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പ്രദേശങ്ങളിൽ പ്രാദേശികമായി ഉണ്ടായിരുന്ന ജലവിതരണ സംവിധാനങ്ങൾ നിറുത്തലാക്കുകയും ചെയ്തു.
.......................................................................
കിണറിൽ നിന്നും ലഭിക്കുന്നത് ഓര് ജലമായതിനാലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിനെ ആശ്രയിക്കുന്നത്. നിലവിലുള്ള കിണർ മൂടിയതിനാൽ കടുത്ത ജല ദൗർലഭ്യം നേരിടുകയാണ്. നിരവധി പ്രാവശ്യം പരാതിനൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. റാണികലാ സാഗർ, മുൻ ഗ്രാമപഞ്ചായത്തംഗം
രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. രണ്ട് ഇഞ്ച് വ്യാസമുള്ള പൈപ്പാണ് ജലവിതരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വലിയ പൈപ്പ് ഉപയോഗിച്ചാൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയും. അടിയന്തരമായി ഇതിനുള്ള നടപടി സ്വീകരിക്കണം.
ക്ളാപ്പന ഷിബു, ഗ്രാമപഞ്ചായത്തംഗം.
ആയിരംതെങ്ങിലെ കുഴൽക്കിണറിൽ നിന്ന് പമ്പിംഗ് തുടങ്ങുകയും കൂടുതൽ ബോർവെല്ലുകൾ സ്ഥാപിക്കുകയും ചെയ്താൽ ക്ലാപ്പന പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും
എസ്.എം. ഇക്ബാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ക്ളാപ്പന