കുണ്ടറ: ബസ്‌ബേയും കാത്തിരിപ്പ് കേന്ദ്രവും ഉണ്ടെങ്കിലും ഇളമ്പള്ളൂരിൽ ബസുകൾ നിറുത്തുന്നത് തോന്നിയ ഇടങ്ങളിൽ. ദേശീയപാതയിൽ ഇളമ്പള്ളൂരിൽ കൊല്ലം ഭാഗത്തേക്കാണ് നിലവിൽ ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. മറ്റ് വാഹനങ്ങൾക്ക് തടസമില്ലാതെ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിറുത്താൻ തക്കവണ്ണമുള്ള ബസ്ബേയും ഇതിന് സമീപം നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഇളമ്പള്ളൂർ ദേവീക്ഷേത്രത്തിന് സമീപം ബസുകൾ നിറുത്താനാണ് ജീവനക്കാർക്ക് താത്പര്യം.
കുരുങ്ങി മുറുകുന്ന ജംഗ്ഷൻ
കുണ്ടറയിൽ ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനാണ് ഇളമ്പള്ളൂർ. ഇവിടത്തെ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതോടെ ദേശീയപാതയുടെ ഇരുവശത്തും അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ നിറുത്തിയിടും. പിന്നെ ഇതിന് മദ്ധ്യത്തിലൂടെ വേണം വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ. ഇതിനിടെയാണ് കൂനിൻമേൽ കുരുവാകുന്ന കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളുടെ തോന്ന്യവാസം. ഈ സംഭവങ്ങളെല്ലാം അരങ്ങേറുന്നത് കുണ്ടറ പൊലീസ് സ്റ്റേഷന് സമീപത്താണെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നുള്ള ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ ഇളമ്പള്ളൂരിലെ രണ്ട് പ്രധാന സ്കൂളുകളിൽ വൈകിട്ട് ക്ളാസ് കഴിയുന്നതോടെ ജംഗ്ഷനിലെ തിരക്ക് വർദ്ധിക്കും. ഇതോടെ ജംഗ്ഷൻ കുരുങ്ങി മുറുകി വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെയാകുന്നതാണ് ഇവിടത്തെ പതിവ്.