ഉമ്മന്നൂരിലും വെളിയത്തും മൈലത്തും കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
കൊല്ലം: മണ്ണ് മാഫിയകളെ വിടാതെ പിന്തുടർന്ന് 'ഓപ്പറേഷൻ സേവ് എർത്ത് 2 ' മിഷനുമായി വിജിലൻസ് ഇറങ്ങിയപ്പോൾ ഉമ്മന്നൂരിലും വെളിയത്തും മൈലത്തും കണ്ടെത്തിയത് ഗുരുതര നിയമ ലംഘനങ്ങൾ. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് മൂന്നിടങ്ങളിലും വിജിലൻസ് കൊല്ലം യൂണിറ്റിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.
ഉമ്മന്നൂർ പഞ്ചായത്തിലെ വിളയന്തൂരിലും വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്തും അനുമതിയുള്ളതിനേക്കാൾ കൂടുതൽ അളവിൽ മണ്ണെടുത്തതായി കണ്ടെത്തി. മൈലം പഞ്ചായത്തിലെ പുത്തൂർ വില്ലേജ് പരിധിയിലെ രണ്ടിടങ്ങളിൽ വീട് നിർമ്മാണത്തിന് പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയതിന്റെ മറവിൽ റവന്യൂ, ജിയോളജി വകുപ്പുകളുടെ അംഗീകാരമില്ലാതെ വൻ തോതിൽ കരമണ്ണ് കടത്തിയതായി കണ്ടെത്തി.
യഥാക്രമം 1051.6 , 2184 മെട്രിക് ടൺ കരമണ്ണ് വീതമാണ് രണ്ടിടങ്ങളിൽ നിന്നായി കടത്തിയത്. ഓപ്പറേഷൻ സേവ് എർത്ത് എന്ന പേരിൽ ഫെബ്രുവരി 11ന് നടത്തിയ പരിശോധനയുടെ രണ്ടാം ഘട്ടമായാണ് ഇന്നലെ പരിശോധന നടത്തിയത്. പവിത്രേശ്വരത്തെ പൊരീക്കൽ, ആലുംമൂടിന് സമീപം, എസ്.എൻ പുരം വാണിവിള എന്നിവിടങ്ങളിലും കുന്നത്തൂർ വില്ലേജ് പരിധിയിലും അനുമതിയില്ലാതെ ഉദ്യോഗസ്ഥ പിന്തുണയോടെ വൻ തോതിൽ മണ്ണ് കടത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി കെ.അശോക് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ മാരായ കെ.രവികുമാർ, ജി.അജയനാഥ്, ആർ.രാജേഷ്, അബ്‌ദുൾ റഹ്മാൻ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
പകൽ വെളിച്ചത്തിലേ ഖനനം പാടുള്ളൂ
പകൽ വെളിച്ചത്തിൽ രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ മാത്രമേ മണ്ണ് ഖനനം ചെയ്‌തെടുക്കാവൂ എന്ന് നിയമം ഉണ്ടെങ്കിലും അത് പാലിക്കാൻ മണ്ണ് മാഫിയയും നടപ്പിലാക്കാൻ ഉദ്യോഗസ്ഥ സംവിധാനവും ശ്രമിക്കാറില്ല. പുലർച്ചെയാണ് അനധികൃതമായി മണ്ണ് കടത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പുലർച്ചെ പരിശോധനയ്ക്കിറങ്ങിയത്.
''
വരും ദിവസങ്ങളിലും മണ്ണ് മാഫിയകൾക്കെതിരെ ശക്തമായ പരിശോധനകൾ തുടരും.
കെ.അശോക് കുമാർ
വിജിലൻസ് ഡിവൈ.എസ്.പി
ഉയരുന്ന പരാതികൾ
1. കുന്നുകളും ഉയർന്ന പ്രദേശങ്ങളും ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നു
2. ഇതുപയോഗിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നു
3. മണ്ണ് മാഫിയയ്ക്ക് ജിയോളജി, റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു
4. വീട് വയ്ക്കാൻ എന്ന പേരിൽ മണ്ണെടുക്കാൻ പെർമിറ്റ് വാങ്ങി ഭൂമി ഇടിച്ച് നിരത്തുന്നു
5. റോഡ് നിർമ്മാണത്തിനെന്ന പേരിൽ മണ്ണെടുക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സമ്മതപത്രം നൽകുന്നു
6. നിയമവിരുദ്ധമായ ഈ സർട്ടിഫിക്കറ്റിന്റെ മറവിൽ നിയന്ത്രണമില്ലാതെ മണ്ണ് കടത്തുന്നു
7. മണ്ണ് കടത്തുന്ന വാഹനത്തിൽ എൻ.എച്ച് വർക്ക്, പി.ഡബ്ലു.ഡി വർക്ക് എന്നൊക്കെ എഴുതി വയ്ക്കുന്നു. ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു
8. മാഫിയാ സംഘങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നു