photo
ഓണംമ്പള്ളി ജംഗ്ഷനിൽ പുൽക്കാടുകൾ ചെത്തി മാറ്റിയപ്പോൾ ‌ദൃശ്യമായ ഓട.

കരുനാഗപ്പള്ളി: യാത്രക്കാ‌ർക്ക് ഭീഷണി ഉയർത്തിയിരുന്ന മൂടിയില്ലാത്ത ഓടയുടെ മേൽ വളർന്നിറങ്ങിയ പുല്ല് ഒടുവിൽ ചെത്തിനീക്കി. ആയിരംതെങ്ങ് - പത്മനാഭൻ ജെട്ടി റോഡിൽ തുറയിൽകുന്ന് ഓണംമ്പള്ളി ജംഗ്ഷനിലാണ് മൂടിയില്ലാത്ത ഓടക്ക് മീതേ കാട് വളർന്നിരുന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ എതിരെ വരുന്ന ചെറുവാഹനങ്ങളിലെ യാത്രക്കാർ ഓടയിലേക്ക് വീഴുന്നത് ഇവിടെ പതിവായിരുന്നു. കാൽനട യാത്രികർക്കും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 10ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട മുനിസിപ്പൽ അധികൃതർ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് കാട് ചെത്തി വൃത്തിയാക്കുകയായിരുന്നു. ഇതോടെ ഓട പൂർണ്ണമായും യാത്രക്കാർക്ക് കാണാനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും. റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഓടകൾ നിർമ്മിച്ചത്. ആഴത്തിലുള്ള ഓടയ്ക്ക് മൂടിയിടണമെന്ന് നാട്ടുകാർ അന്നേ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. അപകടം പൂർണമായും ഒഴിവാക്കാൻ അടിയന്തരമായി കോൺക്രീറ്റ് സ്ലാബ് ഇടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.