deva

കൊല്ലം: അനിയന് കൂട്ടിരിക്കാൻ അമ്മ പറഞ്ഞുവിട്ട പൊന്നു അകത്തെ മുറിയിലെവിടെയോ കളിചിരിയുമായി നിൽപ്പുണ്ടെന്ന് വിശ്വസിക്കാനാണ് അവളുടെ പ്രീയപ്പെട്ടവർക്കിഷ്‌ടം. ഇത്തിക്കരയാറിന്റെ കൈവഴിയിൽ വാടിയ നന്ത്യാർവട്ടം പോലെ ഒഴുകിമറഞ്ഞ ദേവനന്ദ ഒപ്പമില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവളുടെ അച്ഛനമ്മമാർക്കായിട്ടില്ല.

പരസ്‌പരം ആശ്വസിപ്പിക്കാനാകാത്ത വേദനയിലാണ് കുടവട്ടൂരിലെ നന്ദനത്തിൽ പ്രദീപും ധന്യയും. അവരുടെ പൊന്നുവിന്റെ അടയാളങ്ങളാണ് ആ വീട്ടിലെ ഓരോ ചുവരും. അവളെഴുതിയ അക്ഷരങ്ങൾ, വരച്ച അപൂർണമായ ചിത്രങ്ങൾ തുടങ്ങി പൊന്നുവിന്റെ ഓർമ്മകളുടെ പിൻവിളികളാണ് നിറയെ. അവളിനിയില്ലെന്ന ബോദ്ധ്യത്തിനൊപ്പം കൺവെട്ടത്ത് നിന്ന് മറഞ്ഞ കുഞ്ഞിന് എന്താണ് പറ്റിയതെന്ന ആകുലത കൂടിയാകുമ്പോൾ ധന്യ പലപ്പോഴും നിലവിട്ട് വിതുമ്പുകയാണ്.

തനിക്ക് കൂട്ടിരിക്കാൻ മുറിയിലേക്ക് വന്ന ചേച്ചി, തന്റെ ചുറ്റുവട്ടങ്ങളിൽ എപ്പോഴുമുണ്ടായിരുന്ന ചേച്ചി ഇനിയില്ലെന്നറിയാതെ അമ്മയുടെ ചാരത്തുണ്ട് മൂന്ന് മാസം പ്രായമായ ദേവദത്ത്. കളിചിരിമാഞ്ഞ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കണ്ണെത്തും ദൂരത്ത് ഉറക്കത്തിലാണ് ദേവനന്ദ.

ഓർമ്മകളിലെന്നും ഒന്നാം ക്ളാസ്

വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ് മുറിയിനി 'ദേവനന്ദ' എന്ന പേരിൽ അറിയപ്പെടും. അവളുടെ പുഞ്ചിരി മായാത്ത ഓർമ്മകളെ ഒപ്പം കൂട്ടാനാണ് വാക്കനാട് സരസ്വതി വിദ്യാനികേതന്റെ ശ്രമം. അവളിനി വരില്ലെന്നറിഞ്ഞ് കരഞ്ഞ് തളർന്ന കുരുന്നുകൾക്കെന്നും സുഗന്ധമായി മുറ്റത്ത് നന്ത്യാർവട്ടവുമുണ്ടാകും. പരിസ്ഥിതി ദിനത്തിൽ ദേവനന്ദ നട്ട നന്ത്യാർവട്ടം വെള്ള പൂക്കളണിഞ്ഞ് അവളുടെ ക്ലാസിന് മുന്നിലുണ്ട്. നന്ത്യാർവട്ടവും ക്ലാസിനുള്ളിൽ അവൾ വരച്ച നമ്പർ ചാർട്ടും മാത്രമല്ല അവസാന സ്‌കൂൾ ദിനത്തിൽ കണ്ണന്റെ പാട്ടിനൊപ്പം ദേവനന്ദ തീർത്ത നൃത്ത ചുവടുകളുമെല്ലാം അവരുടെ കൺവെട്ടത്ത് നിന്ന് മായാതെ നിൽപ്പുണ്ട്.