ഓച്ചിറ: പൊതുഇടങ്ങൾ തങ്ങളുടേതുകൂടിയാണെന്നു പ്രഖ്യാപിച്ച് ഇരുട്ടിനെ മറികടന്ന് അവർ സധൈര്യം നടന്നു. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും പൊതുഇടത്തിൽ തുല്യ സ്വാതന്ത്ര്യമാണുള്ളതെന്ന് അവരുടെ ഉറച്ച കാലടികൾ വിളിച്ചു പറഞ്ഞു. ‘പൊതു ഇടം എന്റേതും’ എന്ന പേരിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച രാത്രി നടത്തത്തിന്റെ ഭാഗമായാണ് ഓച്ചിറയിലും പരിപാടി സംഘടിപ്പിച്ചത്. മുൻപ്രഖ്യാപനങ്ങളില്ലാതെ രഹസ്യമായാണു രാത്രി നടത്തം പരിപാടി സംഘടിപ്പിച്ചത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ലത്തിഫബീവി, മുൻ വൈസ് പ്രസിഡന്റ് എസ്. ഗീതാകുമാരി, മുൻ ബ്ലോക്ക് പ്രസിഡന്റ് സെവന്തികുമാരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ശിവരാമൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു, ജോളി, മഹിളാമണി, മാളു സതീഷ്, മഞ്ജു പാച്ചൻ, രാധാമണിയമ്മ, സുകുമാരി, റസിയ സാദിക്ക്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു എന്നിവർ നേതൃത്വം നൽകി. പല ഭാഗത്തുനിന്നും ഒറ്റയ്ക്ക് നടന്നു വന്നവർ ഓച്ചിറ ടൗണിൽ ഒത്തുകൂടി പിരിഞ്ഞു.