roa

പുനലൂർ: സഞ്ചാരികളുടെ പറുദീസയായ തെന്മല ഇക്കോ ടൂറിസം മേഖലയോട് ചേർന്ന എർത്ത് ഡാമിലെ ബോട്ട് യാർഡിലേക്കുള്ള റോഡിന്റെ നവീകരണം

അനിശ്ചിത്വത്തിലായതോടെ യാത്രക്കാർ ദുരിതത്തിൽ. തിരുവനന്തപുരം - ചെങ്കോട്ട പാതയോരത്ത് സ്ഥിതിചെയ്യുന്ന എർത്ത് ഡാമിലെ ബോട്ട് ജെട്ടിയിലേക്കുളള റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. സ്വന്തം വാഹനങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾ പ്രധാന പാതയോരത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മെറ്റലുകൾ ഇളകിയ റോഡിലൂടെ അര കിലോമീറ്രറോളം കാൽനടയായി സഞ്ചരിച്ചാലേ യാർഡിൽ എത്താൻ സാധിക്കൂ.

കല്ലട ഇറിഗേഷന്റെ നിയന്ത്രത്തിലുള്ള റോഡ് റീ ടാറിംഗ് നടത്താൻ ഒന്നര വർഷം മുമ്പ് 13.5 കോടി രൂപയ്ക്ക് കരാർ നൽകിയിരുന്നു. എന്നാൽ എർത്ത് ഡാമിനോട് ചേർന്ന റോഡ് നവീകരിച്ച ശേഷം പ്രധാന പാതയിലേക്ക് എത്തുന്ന റോഡിനെ അവഗണിച്ച് കരാറുകാരൻ സ്ഥലം വിടുകയായിരുന്നു.

പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും വിനോദസഞ്ചാരികളും പ്രതിഷേധിച്ചതോടെ റീ ടെണ്ടർ ക്ഷണിച്ചെങ്കിലും ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ടെണ്ടർ നടപടികൾക്ക് പുറമേ നിർമ്മാണ ജോലികളും ഉപേക്ഷിച്ച നിലയിലാണ്.

പാത ഗേറ്റിട്ട് പൂട്ടി

പ്രധാനപാതയിൽ നിന്ന് ബോട്ട് ജെട്ടിയിലേക്കുള്ള പാത രണ്ടുവർഷം മുമ്പ് കെ.ഐ.പി അധികൃതർ അടച്ചുപൂട്ടി ഗേറ്റ് സ്ഥാപിച്ചിരുന്നു. ഇതിന് മുമ്പ് സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ ബോട്ട് ജെട്ടിക്ക് സമീപത്ത് വരെ എത്തുമായിരുന്നു. വനം, കെ.ഐ.പി, ടൂറിസം വകുപ്പുകൾ തമ്മിലുള്ള അവകാശ തർക്കത്തെ തുടർന്നാണ് പാതയിൽ ഗേറ്റ് സ്ഥാപിച്ചത്. ഇതോടെയാണ് സഞ്ചാരികളുടെ വാഹനങ്ങൾ പ്രധാന പാതയോരത്ത് പാർക്ക് ചെയ്ത ശേഷം കാൽനടയായി സഞ്ചരിക്കേണ്ട നിലയിലായത്.

സഞ്ചാരികളുടെ തിരക്കേറുന്നു

വേനൽക്കാലമായതോടെ തെന്മല ഇക്കോ ടൂറിസം മേഖലയിലും ബോട്ട് സവാരി, ചടങ്ങാട യാത്ര, കുട്ടവഞ്ചി യാത്രകൾക്കുമായി എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. വൃഷ്ടി പ്രദേശത്തെ ബോട്ട് യാത്രയ്ക്കിടെ കാട്ടാന, കാട്ടുപോത്ത്, മാൻ, കേഴ, വിവിധയിനം പക്ഷികൾ എന്നിവയ്ക്ക് പുറമെ കാനന ഭംഗിയും ആശ്വസിക്കാൻ സാധിക്കും. ഇതാണ് വിദേശ വിനോദസഞ്ചാരികൾ അടക്കമുളളവർ എർത്ത് ഡാമിലേക്ക് എത്താനുള്ള കാരണം.

പ്രശ്നങ്ങൾ പറയാൻ ഇനിയുമുണ്ട്.

ഇക്കോ ടൂറിസം മേഖലയുടെ ഓഫീസിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാലേ എർത്ത് ഡാമിൽ എത്താൻ കഴിയൂ. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർ കാൽ നടയായി വേണം ബോട്ട് ജെട്ടിയിലെത്താൻ. ഇക്കോ ടൂറിസത്തിന് പ്രത്യേക ബസ് ഉണ്ടെങ്കിലും വിനോദസഞ്ചാരികളുടെ സൗകര്യം അനുസരിച്ച് ഇത് സർവീസ് നടത്താറില്ലെന്നാണ് പരാതി. ബോട്ട് ജെട്ടിയിൽ എത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് പ്രാഥമിക സൗകര്യം നിറവേറ്റാനുളള സംവിധാനം പോലും ഒരുക്കിയിട്ടില്ല. വിജനമായ പ്രദേശത്ത് സ്ഥതി ചെയ്യുന്ന ജെട്ടിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പുറംലോകം പോലും അറിയാത്ത അവസ്ഥയാണ്.