handcuff

കൊല്ലം: വില്പനയ്ക്കായി ആഡംബര ബൈക്കിൽ കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവ് കടത്തുന്നതിനിടയിൽ രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. തൃക്കരുവ പൻമളമാവുമേൽ തെക്കതിൽ വീട്ടിൽ മുനീർ (23), കിളികൊല്ലൂർ എ.എസ് മൻസിലിൽ സെയ്ദലി (22) എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട്ടിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് ഒഴിഞ്ഞ പറമ്പുകളിലും ആളനക്കമില്ലാത്ത വീടുകളിലുമാണ് സൂക്ഷിക്കുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. ചില്ലറ വില്പനക്കായി കൈയിൽ കരുതിയിരുന്ന മൂന്ന് ഗ്രാം വീതമുള്ള ചെറുപൊതികളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മൂന്ന് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കാണ് വിറ്റിരുന്നത്. കഞ്ചാവ് വിറ്റയിനത്തിൽ കൈവശമുണ്ടായിരുന്ന തുകയും പിടിച്ചെടുത്തു.

എക്സൈസ് സംഘത്തെ കണ്ട് ബൈക്ക് വെട്ടിത്തിരിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടിയിൽ മുനീർ വീണു. വീണ്ടും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇരുവരും നേരത്തെ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ്, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രാജീവ്, അസി.എക്സൈസ് ഇൻസ്പെക്ടർ ബി.സന്തോഷ്, പ്രിവന്റീവ് ഓഫീസർ നിഷാദ്, ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മനു, ശ്രീനാഥ്, മനു.കെ.മണി, കബീർ, സി.എൽ.സുനിൽ, ടോമി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിശാമോൾ, ഡ്രൈവർ നിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി.എക്‌സൈസ് കമ്മിഷണർ ജെ. താജുദ്ദീൻ കുട്ടി കേസിന്റെ തുടരന്വേഷണം ഏറ്റെടുത്തു.