കൊല്ലം: ആശ്രാമം മൈതാനത്തിന് ഉടൻ തന്നെ സംരക്ഷണ വേലി നിർമ്മിക്കുമെന്ന് എം. മുകേഷ് എം.എൽ.എ അറിയിച്ചു. മൈതാനത്തിന്റെ വടക്ക്- പടിഞ്ഞാറ് ഭാഗങ്ങളിൽ നിലവിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ജൈവ വേലിയുണ്ട്. ഇപ്പോൾ തുറന്നുകിടക്കുന്ന തെക്ക് - കിഴക്ക് ഭാഗത്താണ് വേലി നിർമ്മിക്കുന്നത്.
ഈ ഭാഗത്ത് കൈയേറ്റവും അനധികൃത പാർക്കിംഗും വർദ്ധിക്കുകയാണ്. ഇവിടെ കെട്ടുന്ന നാൽക്കാലികൾ പ്രഭാത - സായാഹ്ന സവാരിക്കാരെ ആക്രമിക്കുന്നത് നിത്യസംഭവമാണ്. ഇതോടൊപ്പം ഇവിടെ മാലിന്യ നിക്ഷേപവും രൂക്ഷമാണ്. ഈ സാഹചര്യങ്ങളിലാണ് ജൈവവേലി നിർമ്മിക്കാൻ തീരുമാനമായത്.
ആശ്രാമത്തെ ജൈവ പൈതൃക കേന്ദ്രമായ കെ.ടി.ഡി.സി മുതൽ അഡ്വഞ്ചർ പാർക്ക് വരെയുള്ള മേഖലയിൽ മാലിന്യം തള്ളുന്നത് തടയാൻ സംരക്ഷണ വേലി സ്ഥാപിക്കുന്നതിനുള്ള എസ്റ്രിമേറ്റ് തയ്യാറായി വരികയാണെന്നും എം.എൽ.എ അറിയിച്ചു.