കൊല്ലം: തീരസുരക്ഷ ഭദ്രമായി നിലനിറുത്തുന്നതിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് നിസ്തുലമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ പറഞ്ഞു. നീണ്ടകര കോസ്റ്റൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം സിറ്റി പൊലീസിന്റെ സഹകരണത്തോടെ നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന 'തീരസുരക്ഷാ സെമിനാർ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികൾക്ക് ഡ്രൈവിംഗ് ലൈസൻസിനുള്ള പരീശീലനവും മെഡിക്കൽ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു. ജീവൻ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു.
നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ എ.സി.പി എം.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഹെൻറി ഫെർണാണ്ടസ്, ഇടവക വികാരി ഫാ.ഇമ്മാനുവൽ ജഗദീഷ്, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ്, കോസ്റ്റൽ എസ്.ഐമാരായ എ.നാസർകുട്ടി, എം.സി.പ്രശാന്തൻ, ഭുവനദാസ്, കോസ്റ്റൽ സ്റ്റേഷൻ പി.ആർ.ഒ എ.എസ്.ഐ ഡി.ശ്രീകുമാർ, ഡി.പി.എ സംസ്ഥാന കമ്മിറ്റി അംഗം എസ്.അശോകൻ, എ.അനിൽ എന്നിവർ സംസാരിച്ചു.