പത്തനാപുരം: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ സെക്രട്ടറി ബി. ബിജു പറഞ്ഞു. 1171-ാം നമ്പർ പത്തനാപുരം കിഴക്ക് ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശാഖകളിൽ കുടുംബ പ്രാർത്ഥനകൾ കാര്യക്ഷമമാക്കണം. അർഹമായ അവകാശങ്ങൾ നേടിയെടുക്കാനായി ഒറ്റകെട്ടായി പ്രവർത്തിക്കണം. സമുദായ അംഗങ്ങൾക്ക് സംവരണത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ വെടിഞ്ഞ് കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ രക്ഷിതാക്കൾ തയ്യാറാകണം. പൗരത്വ ബില്ലിന്റെ പേരിൽ ജനതയെ തമ്മിലടിപ്പിക്കാൻ ചില രാഷ്ടീയ പാർട്ടികൾ ശ്രമം നടത്തുന്നതായും ബി. ബിജു പറഞ്ഞു.
ശാഖാ പ്രസിഡന്റ് വി. വിജയഭാനു അദ്ധ്യക്ഷത വഹിച്ചു.
ശാഖ ഡയറക്ടറിയുടെ പ്രകാശനം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി നിർവഹിച്ചു. മുതിർന്ന അംഗങ്ങളെ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എം.എം. രാജേന്ദ്രൻ, കൗൺസിലർമാരായ പി. ലെജു, ബി. കരുണാകരൻ, ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. ചിത്രാംഗദൻ, എൻ.പി. ഗണേഷ് കുമാർ, എൻ.ഡി. മധു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലതാ പ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് വി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. അശോക് കുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം എൻ. ശിവദാസൻ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു.