നഗരത്തിൽ പരിശോധന കർശനമാക്കി
കൊല്ലം: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ ചാർജ് നിർബന്ധമാക്കാൻ നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയെടുത്ത തീരുമാനം നടപ്പിലാക്കാൻ പൊലീസ് നിരത്തിലിറങ്ങി. മീറ്റർ പ്രവർത്തിപ്പിക്കാത്ത 68 ഓട്ടോറിക്ഷകൾ പിടികൂടി പിഴ ഈടാക്കി. പഞ്ചായത്ത് പരിധിയിൽ നിന്നെത്തി നഗരത്തിൽ യാത്രക്കാരെ കയറ്റിയ 11 ഓട്ടോറിക്ഷകളിൽ നിന്നും പിഴ ഈടാക്കി.
പരിശോധനകൾക്കിടയിലും ഇന്നലെ നഗരത്തിലെ ഭൂരിപക്ഷം ഓട്ടോകളും പതിവ് പോലെ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരസഭയ്ക്ക് റെക്കോർഡ്
ഓട്ടോകളിൽ മീറ്റർ ചാർജ് നിർബന്ധമാക്കാനുള്ള തീരുമാനം ഏറ്റവും കൂടുതൽ തവണ എടുത്ത നഗരസഭയും തീരുമാനം നടപ്പിലാക്കാതെ അട്ടിമറിച്ച നഗരസഭയും കൊല്ലമാണ്. മുമ്പ് ഒരു തവണ പോലും തീരുമാനം പൂർണ്ണമായി നടപ്പിലാക്കി നിലനിറുത്താൻ നഗരസഭയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
5000 ഓട്ടോകളും മീറ്ററിട്ടേ മതിയാകൂ
നഗരത്തിൽ 5000 ഓട്ടോറിക്ഷകൾക്കാണ് സിറ്റി പെർമിറ്റ് നൽകിയിട്ടുള്ളത്. ഇവർക്ക് നഗരത്തിലെ ഏത് അംഗീകൃത സ്റ്റാൻഡിൽ നിന്നും സവാരി പോകാമെന്നാണ് നഗരസഭയുടെ നിർദ്ദേശം. 196 അംഗീകൃത സ്റ്റാൻഡുകളുള്ള നഗരത്തിൽ സ്റ്റാൻഡ് പെർമിറ്റ് എന്ന പരമ്പരാഗ രീതി റദ്ദായി. എന്നാൽ നഗരത്തിന് പുറത്ത് നിന്ന് ആളുമായി എത്തുന്ന ഓട്ടോകൾക്ക് ഇവിടെ നിന്ന് ആളെ കയറ്റാൻ അനുമതിയില്ല.
അനുസരിച്ചില്ലെങ്കിൽ കാശ് പോകും
മീറ്ററില്ലെങ്കിൽ 250 രൂപ, പെർമിറ്റ് ഇല്ലെങ്കിൽ 2000
മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോകൾക്ക് 250 രൂപയാണ് പിഴ ഈടാക്കുന്നത്. പെർമിറ്റ് ഇല്ലാതെ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിൽ നിന്ന് 2000 രൂപയും പിഴ ഈടാക്കും. പിഴ നൽകിയിട്ടും മീറ്റർ പ്രവർത്തിപ്പിക്കാൻ തയ്യാറാകാത്ത ഓട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് പൊലീസ് നിർദ്ദേശം നൽകും.
വരുന്നു, സംയുക്ത പരിശോധന
പൊലീസിനൊപ്പം മോട്ടോർ വാഹന വകുപ്പിനെ കൂടി ഉൾക്കൊള്ളിച്ച് സംയുക്ത പരിശോധന നടത്തും. നഗരത്തിൽ ഓട്ടോയിൽ കയറുന്നത് യാത്രക്കാരാണോ, പിടികൂടാൻ വരുന്ന പൊലീസാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടാകും. മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ രാപ്പകൽ ഭേദമില്ലാതെ പിടിവീഴും.
കർശനമായി നടപ്പിലാക്കും
1. അനധികൃത സ്റ്റാൻഡുകൾ ഒഴിപ്പിക്കും
2. മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടി
3. സിറ്റി പെർമിറ്റില്ലാത്ത ഓട്ടോകൾ നഗരത്തിൽ നിന്ന് ആളെ കയറ്റരുത്
4. സിറ്റി പെർമിറ്റ് ഉള്ളവർക്ക് ഏത് സ്റ്റാൻഡിൽ നിന്നും സർവീസ് പോകാം
5. ഓട്ടോയുടെ നിരക്കുകൾ യാത്രക്കാരന് കാണാൻ കഴിയും തരത്തിൽ പ്രദർശിപ്പിക്കണം
6. നഗരത്തിലെ പലയിടത്തും അനധികൃതമായി ഓട്ടോ നിറുത്തി ആളെ കയറ്റുന്നത് അവസാനിപ്പിക്കും
................
മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കും. പരിശോധന തുടരും.
പി. പ്രദീപ്
ട്രാഫിക് എസ്.ഐ