കൊല്ലം പോർട്ട് അധികൃതർക്ക് കുലുക്കമില്ല
കൊല്ലം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി കയറ്റിയ ചരക്ക് കപ്പലുകൾ പൂർണമായും പിടിച്ചെടുക്കാൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് കൊല്ലത്ത് കശുഅണ്ടി വ്യവസായികളുടെ യോഗം വിളിച്ചു. ഈ മാസം 4ന് കൊല്ലം ബീച്ച് ഒാർക്കിഡ് ഹോട്ടലിലാണ് യോഗം. കൊച്ചിയിലേതിനേക്കാൾ ലാഭത്തിൽ ചരക്ക് കപ്പലുകൾ അടുപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കശുഅണ്ടി വ്യവസായികളെ ഇത് ബോദ്ധ്യപ്പെടുത്താൻ കൊല്ലം പോർട്ട് അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.
കൊല്ലത്തേക്കുള്ള തോട്ടണ്ടിയിൽ വലിയൊരു ഭാഗം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കപ്പലിൽ തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്താണ് എത്തുന്നത്. അവിടെ നിന്ന് ചരക്ക് ലോറികളിലാണ് കൊല്ലത്തേക്ക് എത്തിക്കുന്നത്. ഇടയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് കൊച്ചിയിൽ തോട്ടണ്ടി ഇറക്കിയിരുന്നവരും കഴിഞ്ഞ വർഷങ്ങളിൽ തൂത്തുക്കുടിയിലേക്ക് മാറിയിരുന്നു. ഇങ്ങനെ പോയവരെ തിരിച്ചുപിടിക്കുന്നതിനൊപ്പം പരമാവധി തോട്ടണ്ടി നീക്കം കൊച്ചിവഴിയാക്കുകയാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ലക്ഷ്യം.
ഇതേ ലക്ഷ്യത്തോടെ വ്യാപാരികളെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. അഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി സീസണായതോടെയാണ് ഇപ്പോൾ ട്രേഡ് മീറ്റ് സംഘടിപ്പിക്കുന്നത്. തോട്ടണ്ടി കപ്പൽ നേരിട്ട് കൊല്ലത്ത് അടുപ്പിച്ചാൽ കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് ലോറിയിൽ കൊണ്ടുവരാനുള്ള ചെലവ് ഒഴിവാകും. ഇക്കാര്യം ബോദ്ധ്യപ്പെടുത്താൻ കൊല്ലം പോർട്ട് അധികൃതർ തയ്യാറാകുന്നുമില്ല.
ട്രേഡ് മീറ്റ് ലക്ഷ്യങ്ങൾ 3
1. കൊച്ചിയിൽ ചരക്ക് ഇറക്കിയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ ചോദിച്ചറിയുക
2. കൊച്ചിയിലെ സൗകര്യങ്ങൾ ബോദ്ധ്യപ്പെടുത്തുക
3. പുതുതായി വേണ്ട പിന്തുണയെ കുറിച്ചുള്ള ചർച്ച
സംസ്ഥാനത്തേക്കുള്ള തോട്ടണ്ടി ഇറക്കുമതി
വർഷം ആളവ് (മെട്രിക് ടൺ) മൂല്യം (കോടി)
2018 -19,43,341 - 662.4
2017 - 18,63,508 - 895.6
കൊച്ചിയിൽ നിന്നെങ്കിലും വരുമോ?
കൊല്ലം പോർട്ട് അധികൃതർ ഇടപെട്ടാൽ കൊച്ചിയിലെതുന്ന തോട്ടണ്ടി ഫീഡർ വെസലുകളിൽ കൊല്ലം തുറമുഖത്ത് എത്തിക്കാം. ആഭ്യന്തര തീരദേശ ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്. 20 അടി നീളമുള്ള കണ്ടെയ്നർ കപ്പലിൽ കൊല്ലത്തേക്ക് കൊണ്ടുവന്നാൽ റോഡ് ഗതാഗതത്തിന് ചെലവാകുന്ന തുകയുടെ 50 ശതമാനം കപ്പലുടമയ്ക്കോ ഷിപ്പിംഗ് ഏജൻസിക്കോ ഇൻസെന്റീവ് ലഭിക്കും.
''
കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവിടുത്തെ സാദ്ധ്യതകൾ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രേഡ് മീറ്റ് സംഘടിപ്പിക്കുന്നത്. തോട്ടണ്ടി കപ്പലുകൾ പരാമവധി കൊച്ചിയിൽ എത്തുന്നതിൽ പ്രശ്നമില്ല. അവിടെ നിന്ന് ഫീഡർ വെസലുകളിൽ തോട്ടണ്ടി കൊല്ലത്തേക്ക് കൊണ്ടുവരാനുള്ള ഇടപെടൽ നടത്തും.
വി.ജെ.മാത്യു
മാരിടൈം ബോർഡ് ചെയർമാൻ