പടിഞ്ഞാറേകല്ലട: പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കടപുഴ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. കൊല്ലം-തേനി പാതയിൽ കുണ്ടറ ഭാഗത്തേക്കുള്ള യാത്രക്കാരാണ് പൊരിവെയിലേറ്റ് കരിയുന്നത്. ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികകൃതർ ഇതിന് തെല്ലും വിലകൽപ്പിച്ചിട്ടില്ല.
വേനൽ കടുത്തതോടെയാണ് യാത്രക്കാരുടെ ദുരിതം ഇരട്ടിയായത്. മഴക്കാലത്തും സ്ഥിതി വിഭിന്നമല്ല. കൂടചൂടി വേണം ഈ സമയങ്ങളിൽ ബസ് കാത്തുനിൽക്കാൻ. കഴിഞ്ഞവർഷം വരെ റോഡരികിൽ ഒരു വൃക്ഷം തണലായി ഉണ്ടായിരുന്നു. ഇത് മുറിച്ചുമാറ്റിയതോടെ ദുരിതം ഇരട്ടിയായി.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് കൊല്ലം, കുണ്ടറ, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് യാത്ര ചെയ്യുന്നത്. ഉച്ചസമയത്ത് ബസുകളുടെ എണ്ണം കുറവായതിനാൽ കൂടുതൽ നേരം കാത്തുനിൽക്കണം. കാൽ കഴച്ചാൽ ഒന്ന് ഇരിക്കുന്നതിനുപോലും യാതൊരു സൗകര്യവും ഇല്ല. പ്രായം ചെന്ന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സമീപത്തെ കടകളിലെങ്ങാനും അഭയം പ്രാപിച്ചാൽ ബസ് വിട്ടുപോകുന്നതിന് മുമ്പ് ഇവർക്ക് സ്റ്റോപ്പിൽ എത്താൻ സാധിക്കില്ല.
.................................
ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി നിർമ്മിച്ച് ദുരിതം അകറ്റണം.
പ്രായംചെന്നവരടക്കം മഴയും വെയിലുമേറ്റാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ഇത് നിരവധി തവണ അധികകൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സ്ഥിതി മാറണം.
യാത്രക്കാർ
എത്രയും വേഗം ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു ഇവിടുത്തെ ജനങ്ങൾ അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടിന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.