കൊല്ലം:വാക്കനാട് സരസ്വതി വിദ്യാനികേതനിൽ ഇന്നലെ രാവിലെ സരസ്വതീ വന്ദനത്തിന് എല്ലാവരും ഒത്തുകൂടുമ്പോൾ ഒന്നാംക്ളാസുകാരുടെ മുൻനിരയിൽ ദേവനന്ദയുണ്ടായിരുന്നില്ല. സ്കൂളിലെ പ്രാർത്ഥാനാ മുറിയിലെ കെടാവിളക്കിന് പിന്നിലെ ചിത്രമായിട്ടായിരുന്നു അവൾക്ക് സ്ഥാനം.
'ഇനി നമുക്കവളെ കാണാനാകില്ല, നമ്മുടെ ദേവനന്ദ ദൈവത്തിനടുത്തേക്ക് പോയി', കുഞ്ഞുങ്ങളുടെ സങ്കടം മാറ്റാൻ ആശ്വാസവാക്കുകൾ പറഞ്ഞ അദ്ധ്യാപകരുടെയും ശബ്‌ദമിടറി. ദേവനന്ദയുടെ ഓർമ്മകൾ എക്കാലവും കൂടെനിൽക്കാൻ അക്ഷരമുറ്റത്ത് ഒരു തുളസിത്തൈ നട്ടാണ് കൂട്ടുകാർ ക്ലാസുകളിലേക്ക് പോയത്.
ദേവനന്ദ എന്ന് പേരിട്ട ഒന്നാം ക്ലാസ് മുറിയിലേക്ക് മനസ് നിറയെ അവളുടെ ഓർമ്മകളുമായി 15 കൂട്ടുകാർ കയറി. ചൊവ്വാഴ്‌ച വരെ ഒന്നാം ക്ലാസിൽ അവർ 16 പേരായിരുന്നു. പരസ്‌പരം ഒന്നും മിണ്ടാതെ കൺകോണുകളിലെ കണ്ണുനീരുമായി അവർ തങ്ങളുടെ കൊച്ചു കസേരകളിലിരുന്നു. ഇടത് ഭാഗത്തെ മുൻ നിരയിൽ ജാനകിയും ആദിനാഥും സഞ്ജയും ഇരുന്നപ്പോൾ രണ്ടാമത്തെ കസേര ഒഴിഞ്ഞുകിടന്നു. ആദ്യമൊന്നും അവർ അങ്ങോട്ട് നോക്കിയില്ല, പിന്നെ പതുക്കെ ആ അസാന്നിദ്ധ്യം വേദനയായി തുടങ്ങുന്നുവെന്ന് കണ്ടതോടെ പ്രീത ടീച്ചർ ക്ലാസ് ആരംഭിച്ചു.
ക്ലാസ് ടീച്ചർ കണക്ക് പഠിപ്പിച്ച് തുടങ്ങിയതോടെ അവർ ബുക്കുകളെടുത്ത് കണക്കിന്റെ ലോകത്തേക്കെത്തി. അപ്പോൾ ക്ലാസിലെ മേശയിൽ വർക്ക് ബുക്കുകളുടെ ഏറ്റവും മുകളിൽ ദേവനന്ദയുടെ പേരെഴുതിയ ഒരു കണക്ക് പുസ്‌തകം ഇനി അവളുടെ കൈവിരലുകൾ പതിയില്ലെന്ന അനാഥത്വത്തോടെ കിടപ്പുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദേവനന്ദ വരച്ചുകൊണ്ട് വന്ന് ക്ലാസിലൊട്ടിച്ച ഒന്ന് മുതൽ പത്തുവരെ നമ്പർ എഴുതിയ ചാർട്ടും അവിടെ തൂങ്ങിക്കിടപ്പുണ്ട്. ഉച്ചയൂണിനോട് പലപ്പോഴും പിണക്കം കാട്ടിയിരുന്ന ദേവനന്ദയ്‌ക്ക് അമ്മയെ പോലെ ചോറ് ഉരുളകളാക്കി കഥ പറഞ്ഞ് കഴിക്കാൻ കൊടുത്തിരുന്നത് പ്രീത ടീച്ചറാണ്. ആ വാത്സല്യത്തിന്റെ സ്വാതന്ത്ര്യത്തിൽ അവൾക്ക് പലപ്പോഴും ടീച്ചർ ചേച്ചിയായി. ക്ലാസിനിടയിലും പ്രീത ചേച്ചിയേന്ന് നീട്ടി വിളിച്ചിരുന്ന പ്രിയപ്പെട്ടവൾക്കായി ഇനി ചോറുരുളകൾ വേണ്ടെന്ന തിരിച്ചറിവ് ഇന്നലെ പ്രീത ടീച്ചറിന്റെ ഹൃദയം തകർത്തു.കണ്ണ് നിറഞ്ഞപ്പോഴെക്കെ കുഞ്ഞുങ്ങൾ കാണാതിരിക്കാൻ അവർ ക്ലാസിന് പുറത്തിറങ്ങി.
ക്ലാസിന് മുന്നിലെ ചെടികൾ മിക്കതും വേനലേറ്റ് കരിഞ്ഞ് തുടങ്ങിയെങ്കിലും അവൾ നട്ട നന്ത്യാർവട്ടം വെള്ള പൂക്കളുമായി അവിടാകെ സുഗന്ധം പരത്തുന്നുണ്ടായിരുന്നു.
''ഇനിയൊരു കെട്ടിടം ഞങ്ങൾ പണിയുമ്പോൾ അവളുടെ പേരിടും. അത്ര പ്രിയപ്പെട്ട കുഞ്ഞാണവൾ, മറക്കാൻ കഴിയില്ല ഈ സരസ്വതി വിദ്യാലയത്തിന് അവളോടുള്ള വാത്സല്യം.
-ഗീത ടീച്ചർ
പ്രഥമാദ്ധ്യാപിക