കൊല്ലം: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 1500 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കൊല്ലം മെയിൻ റോഡിൽ അഫ്സൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള അൻസർ സ്റ്റോറിന്റെ രഹസ്യ ഗോഡൗണിൽ നിന്നാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ, ഡിസ്‌പോസബിൾ ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ഥാപനത്തിനെതിരെ 10000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.
ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ശ്രീകുമാർ, എൻ.എസ്. ഷൈൻ, എസ്. പ്രദീപ്, പ്രശാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രീത, അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് മേയർ അറിയിച്ചു.