കൊല്ലം: ഹൃദയരാഗങ്ങളുടെ ശില്പിയായ രവീന്ദ്രൻ മാഷിന്റെ സ്മാരകമായ 'രാഗസരോവരം' സംഗീതസാന്ദ്രമാകാതെ ദിനങ്ങളെണ്ണുന്നു. മഹാപ്രതിഭയ്ക്ക് ഉചിത സ്മാരകമൊരുക്കാൻ തീരുമാനിച്ചത് വിടവാങ്ങിയ 2005ൽ തന്നെയായിരുന്നു. 2009 ജനുവരി 31ന് ഗാനഗന്ധർവൻ ശില പാകി.
ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും നൂലാമാലകളിൽ തട്ടി തെന്നിമാറുകയാണ് സ്മാരക മന്ദിരം. തുറന്നുവച്ച പുസ്തകത്തിൽ ചാരിവച്ചിരിക്കുന്ന സംഗീത ഉപകരണമാണ് രാഗസരോവരത്തിന്റെ മാതൃക. ഒ.എൻ.വി. കുറുപ്പാണ് പേരിട്ടത്. കാവ്യ സംഗീത ശില്പ നിർമ്മാണത്തിന് രാജീവ് അഞ്ചലിന്റെ നേതൃത്വം കൂടിയായപ്പോൾ സംഗീതാസ്വാദകർ ഒരുപാട് പ്രതീക്ഷ പുലർത്തി. എന്നാലത് പാതിവഴിയിലായെന്നു മാത്രം. 24 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും 'പുസ്തകം' തുറന്നില്ല!.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് രാഗസരോവരം പൂർത്തിയാക്കാൻ പരിശ്രമം തുടങ്ങിയതിലാണ് ഇപ്പോൾ പ്രതീക്ഷ. സർക്കാർ ഫണ്ടും ചേർത്ത് 90 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതിക്ക് സമർപ്പിച്ചു. ശില്പ മാതൃകയുള്ള മന്ദിരത്തിന് സാങ്കേതികാനുമതി ലഭിക്കാൻ തടസമുള്ളതിനാൽ ഓരോ ഭാഗങ്ങൾക്കായി പ്രത്യേകം എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് നൽകിയിട്ടുള്ളത്. അനുമതി ലഭിച്ചാൽ നാല് മാസത്തെ നിർമ്മാണ ജോലികൾ മതിയാകും.
കുളത്തൂപ്പുഴയുടെ രവീന്ദ്രൻ മാഷ്
കൊല്ലം കുളത്തൂപ്പുഴയിൽ മാധവൻ- ലക്ഷ്മി ദമ്പതികളുടെ ഒൻപത് മക്കളിൽ ഏഴാമനാണ് രവീന്ദ്രൻ. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കി പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസിലെത്തി. 1966ൽ ബാബുരാജിന്റെ സഹായത്തോടെ വെള്ളിയാഴ്ച എന്ന ചിത്രത്തിന് വേണ്ടി ആദ്യഗാനം പാടി. മുപ്പതിൽ പരം പാട്ടുകൾ പാടിയ ശേഷം കുറച്ചുകാലം ഡബ്ബിംഗ് ആർട്ടിസ്റ്റായി. ശശികുമാറിന്റെ 'ചൂള" എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. ഇരുനൂറിൽപ്പരം ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. ഭരതം, നന്ദനം എന്നിവയിലെ ഗാനങ്ങൾക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു. 2005 മാർച്ച് 3ന് ചെന്നൈയിലായിരുന്നു അന്ത്യം.