കൊല്ലം: ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിലും കുട്ടിയെ അപായപ്പെടുത്തിയതാണെന്ന ആശങ്കയിൽ ഉറച്ചു നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
പോസ്റ്റുമോർട്ടം നടത്തി സ്വാഭാവിക മുങ്ങിമരണമെന്ന നിഗമനത്തിലെത്തിയ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻമാരുടെ മൂന്നംഗ സംഘം
ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇന്ന് സന്ദർശിക്കും. ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് ഇളവൂരിലെത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
നെടുമൺകാവ് ഇളവൂരിലെ അമ്മ ധന്യയുടെ കുടുംബ വീട്ടിൽ നിന്ന് ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെ വീടിന് 350 മീറ്റർ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട്
1. മൃതദേഹം കണ്ടെത്തിയതിന് 18-20 മണിക്കൂർ മുമ്പ് മരണം സംഭവിച്ചു. കാണാതായി ഒരു മണിക്കൂറിനകം മരണം സംഭവിച്ചുവെന്നർത്ഥം. കാണാതായത് ഫെബ്രുവരി 27ന് രാവിലെ 10.15ന്. കണ്ടെത്തിയത് പിറ്റേന്ന് രാവിലെ 7.05ന്.
2.ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ല. ശരീരത്തിൽ മുറിവോ ചതവോ ഇല്ല.
3. ശ്വാസകോശത്തിൽ ചെളിയും ആറ്റിലെ ജലവും ഉണ്ട്. അതിനാൽ സ്വാഭാവിക മുങ്ങിമരണം.
മറുവാദം
1.ആറ്റിലേക്ക് പിടിച്ച് തള്ളിയാലും എടുത്തെറിഞ്ഞാലും ബലപ്രയോഗത്തിന്റെ പാടുകൾ ഉണ്ടാകണമെന്നില്ല.
2. നിറയെ കൈതക്കാടുകളും കൂർത്ത കല്ലുകളും ആറ്റിന്റെ കരകളിലും അടിത്തട്ടിലുമായുണ്ട്.വീടിനടുത്തെ പടവിലിറങ്ങിയ കുഞ്ഞ് ഒഴുക്കിൽപ്പെട്ട് മരിച്ചതാണെങ്കിൽ പാറയിലും കൈതക്കാടുകളിലും ഉരസിയ പാടുകൾ ശരീരത്തിൽ ഉണ്ടാകണം. പക്ഷേ, ഇതൊന്നും ദേവനന്ദയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല
ബന്ധുവിന്റെ മൊഴി
ഇളവൂർ സ്വദേശിയായ ഗൃഹനാഥനെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളിൽ ഒരാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. അദ്ദേഹത്തെ കൃത്യമായി സംശയിക്കുന്നുവെന്ന് തന്നെയാണ് ബന്ധുവിന്റെ നിലപാട്.
വിട്ടൊഴിയാത്ത സംശയം
വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ക്ലാസ് മുറിയിൽ അടുത്ത ബെഞ്ചിലേക്ക് മാറി ഇരിക്കണമെങ്കിലും അദ്ധ്യാപകരോട് ചോദിക്കുന്ന കുട്ടിയാണ് ദേവനന്ദ. അമ്മയോട് ചോദിക്കാതെ അയൽ വീടുകളിലേക്ക് പോലും പോകാറില്ല. ഒറ്റയ്ക്ക് ആറ്റിലേക്ക് പോയെന്ന് അവളെ അറിയാവുന്നവർക്ക് വിശ്വസിക്കാനാകുന്നില്ല.