photo
കിസാൻ കോൺഗ്രസ് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കർഷക സംഗമം സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പവാടി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: രാജ്യത്തെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുള്ളൂവെന്ന് കിസാൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി പറഞ്ഞു. കിസാൻ കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സംഗമവും കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുത്ത പി. രാജേന്ദ്രപ്രസാദ്, സി.ആർ. മഹേഷ് എന്നിവർക്ക് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരിൽ ഭരണാധികാരികൾ ജനങ്ങളെ വർഗ്ഗീകരിക്കുന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധനയങ്ങൾ മൂലം രാജ്യത്തെ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കാർഷിക മേഖലയെ നാശത്തിലേക്ക് നയിക്കുന്ന സമീപനമാണ് സർക്കാരുകൾ പിൻതുടരുന്നതെന്നു അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ് ജില്ലാ ചെയർമാനൻ കെ.സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. തൊടിയൂർ രാമചന്ദ്രൻ കെ.പി.സി.സി ഭാരവാഹികളെ ഉപഹാരം നൽകി ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. സുഭാഷ്‌ബോസ് അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാഞ്ഞിരവിള ഷാജഹാൻ, മുനമ്പത്ത് ഷിഹാബ്, മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള, എം. അൻസാർ, കയ്യാലത്തറ ഹരിദാസ്, കുന്നേൽ രാജേന്ദ്രൻ, അരവിന്ദൻ ചെറുകര, വി.കെ. രാജേന്ദ്രൻ, എം.കെ. വിജയഭാനു തുടങ്ങിയവർ പ്രസംഗിച്ചു.