sndp

കൊല്ലം: എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ടി.പി. സെൻകുമാറിനെയും സുഭാഷ് വാസുവിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി ഏകോപനസമിതി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ യോഗം ഹെഡ് ഓഫീസ് പടിക്കൽ നിരാഹാര സത്യഗ്രഹം നടത്തി.

ആർ. ശങ്കറിന് ശേഷം ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും പോഷക സംഘടനകൾ കെട്ടിപ്പടുക്കുകയും ചെയ്തത് വെള്ളാപ്പള്ളി നടേശനാണെന്ന് ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഏകോപന സമിതി കേന്ദ്ര കമ്മിറ്റി ചെയർമാൻ എസ്. സുവർണകുമാർ പറഞ്ഞു. വെള്ളാപ്പള്ളി ജനറൽ സെക്രട്ടറിയായ ശേഷം 23 സ്വാശ്രയ കോളേജുകളും 18 സി.ബി.എസ്.ഇ സ്കൂളുകളും 11 ഹയർ സെക്കൻഡറി സ്കൂളുകളും ഏഷ്യയിലെ ഏറ്റവും മികച്ച ലാ കോളേജും ഷോപ്പിംഗ് കോംപ്ലക്സും ശങ്കേഴ്സ് ആശുപത്രിയിൽ ഒൻപത് നില കെട്ടിടവും നിർമ്മിച്ചു. ഇപ്പോൾ ആയിരം നിർദ്ധനർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി വൈസ് ചെയർമാൻ മുതുകുളം ശശികുമാർ അദ്ധ്യക്ഷനായി. യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം നേതാക്കളായ ഷീല നളിനാക്ഷൻ, ഇരവിപുരം സജീവൻ, അഡ്വ. ഷേണാജി, അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആനേപ്പിൽ രമേശ്, നേതാജി രാജേന്ദ്രൻ, പുണർതം പ്രദീപ്, ജി. രാജ്മോഹൻ, പ്രമോദ് കണ്ണൻ, പ്രബോധ്.എസ് കണ്ടച്ചിറ, നെടുമം വിജയകുമാർ, ക്ലാവറ സോമൻ, അനിൽ പടിക്കൽ, കെ. ബാബുക്കുട്ടൻ, എ.ആർ. സുരേന്ദ്രൻ, മുണ്ടയ്ക്കൽ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.