photo
ജില്ലാ പഞ്ചായത്ത് പുത്തൂരിൽ തുടങ്ങുന്ന വൃദ്ധസദനത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു

കൊട്ടാരക്കര: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തൂരിൽ തുടങ്ങുന്ന സായന്തനം വൃദ്ധസദനത്തിന്റെ നിർമ്മാണജോലികൾക്ക് വേഗത കൈവന്നു, പൈലിംഗ് ജോലികൾ പൂർത്തീകരിച്ച് ബാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചത്. ശിലപാകി ഒരു വർഷം പിന്നിട്ടപ്പോഴാണ് നിർമ്മാണ ജോലികൾക്ക് പുരോഗതിയുണ്ടായത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ പുത്തൂർ പഴയചിറയിലെ 60 സെന്റ് ഭൂമിയിൽ വൃദ്ധസദനം ഒരുക്കുന്നത്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീ മെട്രിക് ഹോസ്റ്റലിനോട് ചേർന്നുള്ള പഴയ ചിറയുടെ ഭാഗമായിരുന്നു ഈ ഭൂമി. ചിറയുടെ നവീകരണം നടന്നപ്പോൾ വിസ്തൃതി കുറയുകയും ഈ ഭൂമി ശേഷിച്ചതുമാണ്. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണച്ചുമതല. 4500 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്.നാല് മാസത്തിനുള്ളിൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താമെന്നാണ് പ്രതീക്ഷ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്ക് ഇവിടം പ്രയോജനപ്പെടും.

ലക്ഷ്യം ഇവയൊക്കെ

പ്രായമായവരെ സംരക്ഷിക്കാനും ഭക്ഷണവും വസ്ത്രവും ചികിത്സയും മറ്റ് സൗകര്യങ്ങളും നൽകാനുമാണ് ലക്ഷ്യമിടുന്നത്. അവർക്ക് മാനസിക ഉല്ലാസത്തിന് ഉതകുന്ന പരിപാടികളും അന്തരീക്ഷവും ഒരുക്കി ഇവിടമൊരു ഹൃദ്യ അനുഭവമാക്കും. കൂടുതൽ സർക്കാർ സഹായം ലഭ്യമാക്കി അത്യാധുനിക സംവിധാനങ്ങളുമൊരുക്കും.