erucha
റെയിൽവേ സ്റ്റേഷൻ- കർബല റോഡിലെ നടപ്പാതയിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ - കർബല റോഡിൽ കാൽനടയ്ക്ക് നടുറോഡ് തന്നെ ശരണം. റോഡിന്റെ രണ്ട് വശങ്ങളും കൈയേറിയ വാഹനങ്ങൾ ഇപ്പോൾ നടപ്പാതയും കൈയേറിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടത്തിൽ വിശാലമായ പാർക്കിംഗ് ഏരിയ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് ഇരുചക്ര വാഹനങ്ങൾ നടപ്പാത കൈയേറുന്നത്.

 ലക്ഷങ്ങളുടെ നടപ്പാത

കർബല റോഡിന്റെ വലത് വശത്ത് ഏകദേശം 400 മീറ്ററോളം നീളത്തിൽ നഗരസഭ ലക്ഷങ്ങൾ മുടക്കി ഇന്റർലോക്ക് പാകി കൈവരി സ്ഥാപിച്ച നടപ്പാതയാണ് ഇരുചക്ര വാഹനങ്ങൾ കൈയേറിയിരിക്കുന്നത്. റോഡിന്റെ വശത്തുള്ള പാ‌ർക്കിംഗിന് പുറമേ നടപ്പാതയ്ക്ക് കുറുകെയും വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്തതോടെ കാൽനടക്കാർക്ക് ഒരിഞ്ച് സ്ഥലം പോലുമില്ലാത്ത സ്ഥിതിയാണ്.

 ജീവന് ഭീഷണി

ഇരുവശത്തേക്കും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ ജീവൻ പണയം വച്ചാണ് കാൽനടക്കാർ ഇപ്പോൾ സഞ്ചരിക്കുന്നത്. ഇതിനാൽ കാൽനടയാത്രികർ ഇവിടെ അപടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. കർബല റോഡിലെ നടപ്പാത നിറഞ്ഞതോടെ നഗരത്തിലെ ശാന്തസുന്ദരമായ റോഡെന്ന് അറിയപ്പെടുന്ന ക്യു.എ.സി റോഡിലെ നടപ്പാത കൈയേറിയും പാർക്കിംഗ് തുടങ്ങിയിട്ടുണ്ട്.

...............................................................

 ട്രാഫിക് പൊലീസ് പണി തുടങ്ങി

റെയിൽവേ സ്റ്റേഷന്റെ മുന്നിലും ഈസ്റ്റ് സ്റ്റേഷന്റെ എതിർഭാഗത്തും ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന 50 ഓളം ഇരുചക്ര വാഹനങ്ങൾക്ക് പൊലീസ് ഇന്നലെ പിഴ ചുമത്തി നോട്ടീസ് പതിച്ചു. നോട്ടീസുമായി ട്രാഫിക് സ്റ്റേഷനിൽ എത്തിയവരിൽ നിന്ന് 250 രൂപ വീതം പിഴ ഈടാക്കി. കോടതിക്ക് കൈമാറിയാൽ പുതിയ മോട്ടോർ വാഹന നിയമ പ്രകാരം ആയിരം രൂപ വീതം ഈടാക്കും.

'' അനധികൃത പാർക്കിംഗിനെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ഘട്ടം ഘട്ടമായി കർബല റോഡിലെ നടപ്പാതയിലേതടക്കമുള്ള അനധികൃത പാർക്കിംഗ് പൂർണമായും ഒഴിവാക്കും.''

പി. പ്രദീപ് (ട്രാഫിക് എസ്.ഐ)