കടയ്ക്കൽ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. എറ്റിൻകടവ് അർത്തിങ്ങൽ മോഹനവിലാസത്തിൽ മനോജിന്റെയും രമ്യയുടെയും മകൾ മാളവികയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. സ്കൂളിൽ നിന്നെത്തിയ ശേഷം മുറ്റത്ത് കളിക്കുമ്പോൾ വീടിന്റെ പിൻഭാഗത്തുള്ള കിണറ്റിൽ വീഴുകയായിരുന്നു. വെള്ളമില്ലാത്ത കിണറ്റിൽ വീണ മാളവികയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പ് നാട്ടുകാർ കുട്ടിയെ കരയ്ക്കെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കടയ്ക്കൽ ഗവ. ടൗൺ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മനോജ് കടയ്ക്കൽ ടൗണിൽ അമ്പലം റോഡ് ആട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. സഹോദരൻ: മാധവ് മനോജ്.