po
തഴവ കുതിരപ്പന്തി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത നിർവഹിക്കുന്നു

ഓച്ചിറ: വെള്ളവും വെളിച്ചവും ഇല്ലാതെ കുടുസുമുറിയിൽ പ്രവർത്തിച്ചിരുന്ന തഴവ കുതിരപ്പന്തി പോസ്റ്റ് ഓഫീസിന് താൽക്കാലിക ശാപമോക്ഷം. ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ നിലയിലായിരുന്ന കെട്ടിടത്തിൽ നിന്നും സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറി. പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സലീം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം പോസ്റ്റാഫീസ് സീനിയർ സൂപ്രണ്ട് എ.ആർ. രഘുനാഥൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം മുഖ്യ പ്രഭാഷണം നടത്തി. തഴവ ഗ്രാമ പഞ്ചായത്തിലെ 1, 2, 21, 22 വാർഡുകളിലായി അയ്യായിരത്തോളം പേർ കുതിരപ്പന്തി പോസ്റ്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരും. ജനപ്രതിനിധികൾ മുൻകൈയെടുത്ത് കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചെങ്കിൽ മാത്രമേ കുതിരപ്പന്തി നിവാസികളുടെ ചിരകാലസ്വപ്നം പൂവണിയൂ.

കേരളകൗമുദി വാർത്ത

കുതിപ്പന്തി പോസ്റ്റ് ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി സെപ്തംബർ 8ന് വാർത്ത നൽകിയിരുന്നു. കെട്ടിടം നിർമ്മിക്കുന്നതിനായി തഴവ പഞ്ചായത്ത് 3 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിട നിർമ്മാണത്തിനായി പോസ്റ്റൽ വകുപ്പിന് പ്രത്യേക ഫണ്ടില്ലാത്തതാണ് ഓഫീസ് നിർമ്മാണം മുടങ്ങാൻ കാരണം. 1966ൽ ആരംഭിച്ച പോസ്റ്റ് ഓഫീസ് മാർക്കറ്റിനോടു ചേർന്ന കടമുറിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് മെത്തപ്പാ സഹകരണസംഘത്തിന്റെ കെട്ടിടത്തിലായി പ്രവർത്തനം. സഹകരണസംഘം ജപ്തി ചെയ്യപ്പെട്ടപ്പോഴാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വെള്ളവും വെളിച്ചവുമില്ലാത്ത കുടുസുമുറിയിലേക്ക് പ്രവർത്തനം മാറ്റിയത്.