fathima
കൊല്ലം ഫാത്തിമാ കോളേജ്

ആകാശംമുട്ടെ സൈപ്രസ് മരങ്ങൾ. ആ മരത്തണലിലുണ്ട് ഒരു മധുര നൊമ്പരക്കാറ്റ്. ഫാത്തിമ മാതാ കോളേജിൽ മാത്രം വീശുന്ന പ്രണയ നൊമ്പരക്കാറ്റ്. സൈപ്രസ് മരങ്ങളുടെ ചുവട്ടിലുണ്ട് പഞ്ചാരക്കല്ലുകൾ. അവിടെ നിന്നുതിരുന്ന ഈ തെമ്മാടിക്കാറ്റ് എതിർവശത്തുള്ള കോട്രാങ്കിളിലേക്കാണ് പാറിയെത്തുക.

ക്ലാസ്‌മേറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാകാം ഒരുപക്ഷെ എല്ലാ മലയാളികളും ഫാത്തിമാ കോളേജിനെ കൂടുതൽ അറിഞ്ഞത്. ഫാത്തിമയാണല്ലോ ക്ലാസ്മേറ്റ്സിന്റെ കഥാ ഗേഹം. തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ട് 87-90 ബാച്ചിലെ ഡിഗ്രി വിദ്യാർത്ഥി. ജയിംസ് ആൽബർട്ടിന്റെ നേതൃത്വത്തിലുള്ള ക്രാബ്സ് (കളക്ഷൻ ഒഫ് റൊമാന്റൻ ആൻഡ് ബ്രാണി സ്റ്റുഡന്റ്സ്) എന്ന പഞ്ചാരക്കല്ല് സംഘം ഉണ്ടായിരുന്നു. ക്ലാസ്‌മേറ്റ്സിലെ സുകുവും താരയും മുരളിയും പയസുമെല്ലാം പഞ്ചാരക്കല്ലിലെ പതിവുകാരായിരുന്നു.

ഫാത്തിമയിലെ ക്ലാസുകളിൽ പ്രണയിക്കാനാവില്ല. പെൺകുട്ടികൾ ഒഴിവ് സമയത്തെല്ലാം കോട്രാങ്കിളിൽ വന്നിരിക്കണമെന്നാണ് ചട്ടം. പെൺകുട്ടികൾ കോട്രാങ്കിളിലേക്ക് പോകുമ്പോൾ ആൺകുട്ടികൾ എതിർവശത്തുള്ള പഞ്ചാരക്കല്ലുകളിൽ കൈയടക്കും. പിന്നെ അവർ രമണനും ചന്ദ്രികയും റോമിയോയും ജൂലിയറ്റും ഒഥല്ലോയും ഡെസ്റ്റിമോണയുമൊക്കെ ആകും. അങ്ങനെ എത്രയോ പ്രണയങ്ങൾ ഇവിടെ തളിരിട്ടു. അതിലെത്രയോ പൂവിട്ട്. അതിലേറെ വാടിക്കരിഞ്ഞു. ഇടയ്ക്ക് വില്ലനായി പ്രിൻസിപ്പൽ കടന്നുവരും. പിന്നെ ഓടിത്തള്ളലാണ്. ഇപ്പോൾ പരീക്ഷാക്കാലമാണെങ്കിലും പഞ്ചാരക്കല്ലിൽ നിരനിരയായി ചുള്ളന്മാർ കോട്രാങ്കിളിൽ കണ്ണുനട്ട് ഇരിപ്പാണ്. പഞ്ചാരക്കല്ല് ഇപ്പോൾ ആൺകുട്ടികളുടെ മാത്രം കുത്തകയല്ല. സുന്ദരമായ ആൺ പെൺ സൗഹൃദത്തിന്റെയും ഇടമാണ്. പഞ്ചാര കല്ലുകളിലൊന്നിലിപ്പോൾ രണ്ടാം വർഷ സൈക്കോളജി വിദ്യാർത്ഥികളും ചങ്ക് ഫ്രണ്ട്സുമായ ജോമോനും ബ്ലെസിയും സരിനും ഡെൻസിലും ഹരിപ്രിയയുമാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയതേയുള്ളു. എട്ട് നിലയിൽ പൊട്ടുമെന്ന് ഉറപ്പായതിന്റെ സങ്കടമൊക്കെ എടുത്ത് കടലിൽ തള്ളി പരസ്പരം അനക്കിക്കൊല്ലുകയാണ്.

മുത്തശ്ശിമരം ഫാത്തിമയുടെ ഹൃദയം!

പഞ്ചാരക്കല്ലുകൾ കടന്നാൽ മുത്തശ്ശിമരം. നിറഞ്ഞുപടർന്ന ഈ മരച്ചുവടാണ് ഫാത്തിമയുടെ ഹൃദയം. ഇവിടമാണ് എല്ലാ സെറ്റപ്പുകളുടെയും ഉറവിടം. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ, പ്രഖ്യാപനങ്ങൾ എല്ലാ ഈ മരച്ചുവട്ടിലാണ്. പരീക്ഷക്കാലമല്ലെ. ക്ലാസ് മുറികൾ പലതും നിശബ്ദമാണ്. എങ്കിലും ഈ മരച്ചോട്ടിലിരുന്നാൽ ഷേക്സപിയറെയും ബർണാഡ് ഷായേയും ഷെല്ലിയേയും കീറ്റ്സിനെയും ആശാനെയും ചങ്ങമ്പുഴയേയും മാത്രമല്ല തലയിൽ കയറാത്ത ചലനനിയമങ്ങളും രാസസിദ്ധാന്തങ്ങളും കേൾക്കാം. കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികൾക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കും ജൂനിയർ- സീനിയർ സംഘർഷങ്ങൾക്കും സാക്ഷിയാണ് ഈ മുത്തശ്ശിമരം. മരച്ചോട്ടിലിപ്പോൾ കലിപ്പ് പയ്യന്മാരായ ടീം ചിന്നാടൻസാണ്. കോളേജ് ഡേ കളറാക്കാനുള്ള ചർച്ച കൊഴുക്കുന്നു. രണ്ടാംവർഷ കെമസ്ട്രിക്കാരനായ ഷിനു പറയുന്നു ' ടീം ചിന്നാടൻസിന് കോളേജ് ഡേയ്ക്ക് ഡ്രസ് കോഡ് വേണം.' 'പോടാ അവിടുന്ന്, ഒരു സൂപ്പർ ഡാൻസായാലോ' എന്ന് ഇടയ്ക്ക് രണ്ടാം വർഷ സുവോളജിക്കാരനായ ആകാശ്. ഇങ്ങനെ ചർച്ച കൊഴുക്കുന്നതിനിടയിൽ മരത്തണലിലൂടെ നടന്നപോകുന്ന സുന്ദരികൾക്ക് നേരെ കമന്റുകളും ഉയരുന്നുണ്ട്.

 ഫാത്തിമ മാത നാഷണൽ കോളേജ്(ഓട്ടോണമസ്)

സ്ഥാപിച്ചത്: 1951ൽ

പ്രിൻസിപ്പൽ: ഡോ. വിൻസെന്റ് ബി.നെറ്റോ

 ബിരുദ കോഴ്സുകൾ

ബോട്ടണി, സുവോളജി, കെമിസ്ട്രി, മാത്സ്, പോളിമർ കെമിസ്ട്രി, ഫിസിക്സ്, കൊമേഴ്സ്, എക്ണോമിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സൈക്കോളജി (എയ്ഡഡ്), ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോ കോപ്പറേഷൻ, ബി.എ ഇംഗ്ലീഷ്, ബി.സി.എ

 ബിരുദാനന്തര കോഴ്സുകൾ

ബോട്ടണി, കെമിസ്ട്രി, മാത്സ്, ഫിസിക്സ്, സൈക്കോളജി, സുവോളജി, കൊമേഴ്സ്, എക്ണോമിക്സ്, ഇംഗ്ലീഷ്, മലയാളം.

 ഗവേഷണം

കോമേഴ്സ്, എക്ണോമിക്സ്, ഇംഗ്ലീഷ്, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി.