a

എഴുകോൺ: നാടിന് കൗതുകമുണർത്തി പശുവിന്റെ ഇരട്ട പ്രസവം. ചീരൻകാവ് പരുത്തൻപാറ അതിർത്തിവിള വീട്ടിൽ വിനയന്റെയും വിനോദിന്റെയും പശുവാണ് ഒറ്റ പ്രസവത്തിൽ രണ്ട് പശുക്കുട്ടികൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ 15 വർഷമായി കന്നുകാലി പരിപാലനം തൊഴിലാക്കിയ വിനയന് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം! രണ്ട് വർഷം മുമ്പ് വാങ്ങിയ പശുവാണ്‌ വിനയന് ഭാഗ്യം കൊണ്ടുവന്നത്.

തിങ്കളാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് പശു പ്രസവിച്ചത്. മൊത്തം 7 പശുക്കളും രണ്ട് കുട്ടികളുമാണ് വിനയന്റെ ഉടമസ്ഥതയിലുള്ളത്. കേരളകൗമുദിയുടെ ഏജന്റുമാരായ വിനയനും വിനോദും പത്ര വിതരണത്തിന് ശേഷമാണ് കന്നുകാലി പരിപാലനം നടത്തുന്നത്. പശു ഇരട്ട പ്രസവിക്കുന്നത് അപൂർവമല്ലെങ്കിലും രണ്ടും പശുക്കുട്ടികളാകുന്നത് ഭാഗ്യമാണ് എന്ന് എഴുകോൺ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. മോളി പറയുന്നു. കൂടാതെ എഴുകോൺ പഞ്ചായത്തിലെ ആദ്യ ഇരട്ട പശു കിടവുകളാണ് ഇതെന്നും വാർഡ് അംഗം കനകദാസ് സാക്ഷ്യപ്പെടുത്തുന്നു.