photo
കൊടും വേനലിൽ വറ്റി വരണ്ട തഴത്തോട്.

കരുനാഗപ്പള്ളി: വേനൽ കനത്തതോടെ കരുനാഗപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രധാന ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. കരുനാഗപ്പള്ളിയെ ജലസമൃദ്ധമാക്കുന്ന മൂന്ന് തഴത്തോടുകളിലും കുളങ്ങളിലും സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളം വറ്രി. ജലസമൃദ്ധമായിരുന്ന തോടുകളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം വരൾച്ച കനത്തതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. കായൽ തീരങ്ങളിൽ താമസിക്കുന്നവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ കൊണ്ട് വന്ന് വിതരണം ചെയ്യുന്ന വെള്ളമാണ് നാട്ടുകാരുടെ ഏക ആശ്രയം. എല്ലാ സ്ഥലങ്ങളിലും തുല്യമായി കുടിവെള്ളം വിതരണം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയാത്തത് നാട്ടുകാരുടെ ഇടയിൽ പരാതിക്ക് ഇടയാക്കുന്നുണ്ട്. കരുനാഗപ്പള്ളിയിൽ സ്വകാര്യ കുഴൽ കിണറുകൾ വർദ്ധിച്ചതാണ് കിണറുകളിലെയും കുളങ്ങളിലെയും വെള്ളം പെട്ടെന്ന് വറ്റാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ കിണറുകൾക്ക് പകരം നിലവിൽ പലരും കുഴൽ കിണറുകളാണ് കുഴിക്കുന്നത്.

പൈപ്പ് ലൈൻ വെള്ളം

പൈപ്പുകളിൽ രാത്രിയിൽ മാത്രമാണ് കുടിവെള്ളം എത്തുന്നത്. അതും അർദ്ധ രാത്രിക്ക് ശേഷവും. നേരം പുലർന്ന് കഴിഞ്ഞാൽ പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ വരവ് നിലയ്ക്കും. മിക്കപ്പോഴും വീട്ടാവശ്യത്തിനുള്ള വെള്ളം പോലും പൈപ്പ് ലൈനിൽ നിന്ന് ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

ജലാശയങ്ങളിൽ മാലിന്യം

തോടുകളും പൊതു കുളങ്ങങ്ങളും വറ്റി വരണ്ട സാഹചര്യത്തിൽ ഇതിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോടുകളിലെയും പൊതു കുളങ്ങങ്ങളിലെയും മാലിന്യം നീക്കം ചെയ്താൽ മൺസൂൺ സീസണിൽ ജലാശങ്ങളിൽ സംഭരിക്കപ്പെടുന്ന ജലം ജനങ്ങൾക്ക് ഉപയോഗപ്രദമാകും.