മകന്റെ വേർപാട് താങ്ങാനാവാതെ പട്ടികജാതി കുടുംബം
കൊല്ലം: ഒറ്റമുറി കുടിലിൽ അച്ഛനും അമ്മയ്‌ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുത്തൂർ മാവടി മണിമന്ദിരത്തിൽ മണിക്കുട്ടന്റെയും പ്രസന്നയുടെയും മകൻ ശിവജിത്താണ് (പൊന്നു - 5) മരിച്ചത്. പൂവറ്റൂർ വെസ്റ്റ് ഗവ.എൽ.പി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായിരുന്നു.
കൊല്ലം ഇളവൂരിൽ ഏഴുവയസുകാരി ദേവനന്ദയുടെ ദുരൂഹ മുങ്ങിമരണം തീരാനൊമ്പരമായതിനു പിന്നാലെ മറ്റൊരു കുരുന്നിന്റെ ജീവൻകൂടി നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്.
മൺകട്ടയും തടിക്കഷ്ണങ്ങളും കൊണ്ടു നിർമ്മിച്ച് ഷീറ്റു മേഞ്ഞ കൊച്ചു കൂരയിൽ മാതാപിതാക്കൾക്കും ചേച്ചി ശിവഗംഗയ്ക്കും ഒപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ശിവജിത്ത്. പുലർച്ചെ എപ്പോഴോ ഇഴജന്തുവിന്റെ കടിയേറ്റ കുട്ടി
അഞ്ചരയോടെയാണ് കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കളെ വിളിച്ചുണർത്തിയത്. വലതുകാൽ മുട്ടിന്റെ ഭാഗത്ത് കടിയേറ്റതുപോലെ രണ്ട് പാടുകൾ കണ്ടതിനെ തുടർന്ന് ഉടൻ സമീപത്ത് വിഷചികിത്സ നടത്തുന്ന സ്ത്രീയുടെ വീട്ടിലെത്തിച്ചു. രണ്ട് കുരുമുളക് മണികൾ വായിലിടാൻ നൽകിയതിന് പിന്നാലെ കുഞ്ഞ് ഛർദ്ദിക്കാൻ തുടങ്ങി. ഉടൻ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും പാമ്പുകടിയേറ്റ് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. രാവിലെ എട്ടോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് പത്ത് മിനിട്ടിനകം മരണം സ്ഥിരീകരിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് മൂന്നരയോടെ ശിവജിത്ത് പഠിച്ചിരുന്ന പൂവറ്റൂർ വെസ്റ്റ് ഗവ.എൽ.പി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു.
തിങ്കളാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും വീട്ടിലേക്ക് മടങ്ങിയ ശിവജിത്തിന്റെ ചേതനയറ്റ ശരീരം കൺമുന്നിൽ കണ്ട് അദ്ധ്യാപകർക്കും സഹപാഠികൾക്കും കണ്ണീരടക്കാനായില്ല. സ്‌കൂളിൽ നിന്ന് മാവടിയിലെ കുടിലിന്റെ മുറ്റത്തേക്കാണ് മൃതദേഹം കൊണ്ടുവന്നത്. അന്ത്യോപചാരം അർപ്പിക്കാൻ നാടൊന്നാകെ അവിടെ വന്നുചേർന്നു. അച്ഛന്റെയും അമ്മയുടെയും ചേച്ചി ശിവഗംഗയുടെയും നിലയ്‌ക്കാത്ത നിലവിളികൾക്കിടെ നാലേമുക്കാലോടെ ആ മൺകുടിലിന്റെ ഓരത്ത് സംസ്‌കാരം നടത്തി.