sivajith-

കൊല്ലം: അച്ഛനോടുള്ള വർത്തമാനങ്ങളിലും പുസ്തക താളുകളിൽ കോറിയിട്ട വരകളിലും വീടെന്ന സ്വപ്നം മാത്രമാണ് നിറഞ്ഞുനിന്നത്. എപ്പോൾ വേണമെങ്കിലും മണ്ണോട് ചേർന്നേക്കാവുന്ന ചെറിയ കുടിലിലാണ് ശിവജിത്ത് പിച്ചവച്ചു തുടങ്ങിയത്. വെട്ടുകല്ലും ചെമ്മണ്ണും പാഴ്‌ത്ത‌ടി കീറുകളും ടാർപ്പാളിൻ ഷീറ്റും കൊണ്ടാണ് മണിക്കുട്ടനും പ്രസന്നയും കുടുംബ വസ്‌തുവിൽ സ്വന്തമായൊരു 'മണിമന്ദിര'മൊരുക്കിയത്. ഈ ഒറ്റമുറിയുടെ സുരക്ഷയും കരുതലുമായിരുന്നു അവന്റെ ലോകം.

ചേച്ചി ശിവഗംഗയുടെ കൈപിടിച്ച് പൂവറ്റൂർ വെസ്റ്റ് ഗവ.എൽ.പി.എസിലെ പ്രീ പ്രൈമറി ക്ലാസിലെത്തിയതോടെ ശിവജിത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുവച്ചു. അച്ഛാ, നമുക്കൊരു വീട് വേണമെന്ന് അവൻ പറഞ്ഞുതുടങ്ങി. ചേച്ചിക്കൊപ്പം പെൻസിലെടുത്ത് വരച്ച് തുടങ്ങുമ്പോൾ വീടും മുറ്റത്തെ കിളികളും കോഴിയും പൂവും പൂമ്പാറ്റയുമൊക്കെയായി. വീട് മക്കളുടെ ചെറുതല്ലാത്ത ആഗ്രഹമാണെന്ന് തിരിച്ചറിഞ്ഞതോടെ നിർമ്മാണ തൊഴിലാളിയായ മണിക്കുട്ടൻ അതിനായി ശ്രമം തുടങ്ങി.

പക്ഷേ, ദിവസവേതനം കൊണ്ട് ഉപജീവനത്തിന് പാടുപെടുന്ന കുടുംബത്തിന് ചെറിയ വീടെന്ന ആഗ്രഹം താങ്ങാൻ കഴിയാത്ത ഭാരമായി. സ്വന്തമായി വസ്തുവും വീടും ഇല്ലാത്തവർക്ക് സർക്കാർ വീട് നൽകുമെന്ന പ്രഖ്യാപനം അറിഞ്ഞ് മണിക്കുട്ടൻ കുളക്കട പഞ്ചായത്തിൽ അപേക്ഷ നൽകി.ചുവപ്പ് നാടയിൽ കുരുങ്ങാനായിരുന്നു അതിന്റെ വിധി. ഇന്നലെ മരണ വിവരമറിഞ്ഞ് ആ മൺകുടിലിന്റെ മുറ്റത്ത് എത്തിയപ്പോഴാണ് പലരും ദുരിത ജീവിതത്തിന്റെ ആഴം കണ്ടത്.

ഒരു പ്ലാസ്റ്റിക് ചാരുകസേരയും ഫാനും മാത്രമാണ് കുടിലിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ. ഒരു മൂലയ്‌ക്ക് അടുപ്പുണ്ട്, തൊട്ട് ചേർന്ന് പഴകിയ ഒരു അലമാര, പാത്രങ്ങൾ, ഒരു വശത്തായി അമ്മയ്‌ക്കും അച്ഛനുമൊപ്പം അവൻ ഉറങ്ങാൻ കിടന്ന കട്ടിൽ.

'ഉള്ളവർക്ക് എല്ലാമുണ്ട്, ഇല്ലാത്തവർക്ക് ഒന്നുമില്ല'. വന്നുപോയ പലരും തെല്ലുറക്കെ പരസ്‌പരം പറഞ്ഞു. അപ്പോഴും അവന്റെയും ചേച്ചിയുടെയും പുസ്‌തകത്താളുകളിൽ ഒരു 'മണിമന്ദിര'ത്തിന്റെ ചിത്രമുണ്ടായിരുന്നു.