കരുനാഗപ്പള്ളി: കന്നേറ്റി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം ഇന്നലെ രാവിലെ കൊതിമുക്ക് പാലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കൊല്ലത്ത് നിന്ന് എത്തിയ ഫയർ ഫോഴ്സിലെ മുങ്ങൽ വിദഗ്ദ്ധരും കരുനാഗപ്പള്ളി ഫയർഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒരു കിലോമീറ്ററോളം തെക്ക് മാറി മൃതദേഹം കണ്ടെത്തിത്. ചവറ മുകന്ദപുരം സ്വദേശി ഷൈനാണ് (44) മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കന്നേറ്റി പാലത്തിൽ നിന്ന് വടക്കുഭാഗത്തെ കായലിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ മൊബൈൽ ഫോൺ, പേഴ്സ് തുടങ്ങിയവ പാലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.