thalappoli
ഇഞ്ചക്കാട് തിരുവേളിക്കോട് ക്ഷേത്രത്തിൽ നടന്ന പുരുഷാംഗനമാരുടെ താലപ്പൊലി -

കൊട്ടാരക്കര.ഇഞ്ചക്കാട് തിരുവേളിക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഉദ്ദിഷ്ട കാര്യ സിദ്ധിക്കായി നൂറുകണക്കിന് പുരുഷന്മാർ സ്ത്രീവേഷമണിഞ്ഞ് താലമേന്തി. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു പുരുഷാംഗനമാരുടെ താലപ്പൊലി.കുട്ടികളെ അമ്മമാരും, ഭർത്താവിനെ ഭാര്യയും യുവാക്കളെ സഹോദരിമാരും താലമെടുപ്പിച്ചു.ദീപാരാധനക്കു ശേഷം നടന്ന താലമെടുപ്പിൽ നൂറുകണക്കിന് പുരുഷാംഗനമാർ വാലിട്ടു കണ്ണെഴുതി, മുടിക്കട്ടിൽ മുല്ലപ്പൂ മാല ചൂടി, പതിനാറു മുഴം ചേലചുറ്റി സർവ്വാഭരണാഭൂഷിതരായി സ്ത്രീ രത്നങ്ങളായാണ് അണി നിരന്നത്.പുരുഷാംഗനമാരുടെ

മലക്കുട എഴുന്നള്ളത്ത് കിഴക്കേ മലമുകളിൽ ആയിരവില്ലിയിലെത്തി പൂജകൾക്കു ശേഷം തിരിച്ച് കോടിയാട്ടുകാവിലെത്തിയപ്പോൾ താലപ്പൊലി ആരംഭിക്കുകയായി.ബാലികമാരും പുരുഷാംഗനമാർക്കൊപ്പം താലമേന്തി.രാത്രി 9ന് കോടിയാട്ടുകാവിൽ നിന്ന് ആരംഭിച്ച് കടലേലിയും ഭൂതത്താൻ നടയും ചുറ്റി ക്ഷേത്രത്തിൽ എത്തി മൂന്നു തവണ പ്രദക്ഷിണം വച്ചു. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് മേൽശാന്തിയിൽ നിന്നും പ്രസാദം വാങ്ങിയതോടെ ചടങ്ങുകൾ സമാപിച്ചു.പുരുഷാംഗനമാരുടെ താലപ്പോലി കാണാൻ നൂറുകണക്കിനാളുകൾ ക്ഷേത്രപരിസരത്ത് തടിച്ചു കൂടിയിരുന്നു.മൂന്നു വയസുമുതൽ 62 വയസുവരെയുള്ളവർ ഈ വർഷം താലപ്പൊലിയെടുത്തെന്ന് ആഘോഷ കമ്മിറ്റി കൺവീനർ ബി.ആർ.പ്രദീവ് അറിയിച്ചു.