പുനലൂർ:അടുത്ത അദ്ധ്യയന വർഷത്തിൽ സംസ്ഥാത്തെ എല്ലാ സ്കൂളുകളിലെയും ക്ലാസ് മുറി ലൈബ്രറികളിൽ ശ്രീനാരായണ ഗുരുദേവൻ അടക്കമുള്ളവർ രചിച്ച കൃതികൾ അടങ്ങിയ പുസ്തകങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കണമെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. തെന്മല പഞ്ചായത്തിലെ ഇടമൺ ഗവ.എൽ.പി സ്കൂളിൽ 1കോടി രൂപ ചെലവിൽ നിമ്മിച്ച ഹൈടെക് സ്കൂൾ സമുച്ചയം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര നിലവാരമുളള ഒരു തലമുറയെ വളർത്തിയെടുക്കാനാണ് പൊതു വിദ്യാഭ്യാസ യജ്ഞം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും അന്താരാഷ്ട നിലവാരത്തിൽ എത്തിക്കും. ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റാൻ കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 750കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ധന്യ രാജു, താഹിറ ഷെറീഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. സുനിൽകുമാർ, എസ്. രഞ്ജിത്ത്, എ. ജോസഫ്, ജെയിസ് മാത്യു, മുംതാസ് ഷാജഹാൻ, എസ്. സുജാത, ആർ. സുരേഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷീല, ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. കോമളകുമാർ, സ്കൂൾ പ്രഥമാദ്ധ്യാപകൻ അനീസ് മുഹമ്മദ്, മാതൃസമിതി പ്രസിഡന്റ് സലീന ഷിബു, എ. സലീം, സുധീർ ബാബു, സ്റ്റാർസി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.