ശാസ്താംകോട്ട: ആദിക്കാട് പമ്പ് ഹൗസിന്റെ പ്രവർത്തനം ഉപേക്ഷിച്ചതോടെ പടിഞ്ഞാറേ കല്ലടയിലെ കുടിവെള്ള ക്ഷാമം രൂക്ഷമായി. വൃത്തിഹീനമായ സാഹചര്യത്തിൽ തടാകത്തിൽ നിന്ന് നേരിട്ട് ജലം പമ്പ് ചെയ്യുന്നെന്ന പരാതിയിലാണ് ആദിക്കാട് പമ്പ് ഹൗസ് പൂട്ടിയത്. പകരം ശാസ്താംകോട്ടയിലെ ശുദ്ധീകരണ ശാലയിൽ നിന്ന് നേരിട്ട് പമ്പ് ചെയ്ത് പടിഞ്ഞാറേ കല്ലടയിലെ വിവിധ പ്രദേശങ്ങളിൽ ജലമെത്തിക്കാനുള്ള ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രമം പൂർണമായി വിജയിക്കുന്നുമില്ല. ശക്തി കൂടിയ പുതിയ പമ്പ് എത്തുന്നത്തോടെ പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വാദം. ആദിക്കാട് പമ്പ് ഹൗസ് അടിയന്തരമായി നവീകരിച്ച് പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജല അതോറിറ്റി ഓഫീസ് പൂട്ടി
ശാസ്താം കോട്ട: പടിഞ്ഞാറേ കല്ലടയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പടിഞ്ഞാറേ കല്ലട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ജല അതോറിറ്റി ഓഫീസ് പൂട്ടി. കഴിഞ്ഞ ഒരാഴ്ചയായി പടിഞ്ഞാറേ കല്ലടയിലെ ഐത്തോട്ടുവ ,വി.കെ.എസ്, കടപുഴ, കോതപുരം മേഖലയിൽ ജലവിതരണം പൂർണമായി നിലച്ചിരുന്നു. ജലവിതരണം ഉടൻ പുനസ്ഥാപിക്കാമെന്നും ശക്തി കൂടിയ പുതിയ പമ്പ് വാങ്ങുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നുമുള്ള ജല അതോറിറ്റി അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. മേഖലാ സെക്രട്ടറി മഹേഷ്, പ്രസിഡന്റ് എസ്. നവാസ് ,സച്ചിൻ രാജ്, അഖിൽ, സുമേഷ്, മനു, ബിച്ചു, ഉമേഷ്, നന്ദു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ഇതിന് പുറമേ എ.ഐ.വൈ.എഫ് പ്രവർത്തകർ ജല അതോറിറ്റി ഓഫീസിനു മുന്നിൽ റീത്ത് വച്ച് പ്രതിഷേധിക്കുകയും കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തു സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു.