parking

കൊല്ലം: പൊലീസ് പിഴ ചുമത്തി തുടങ്ങിയിട്ടും കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിംഗിന് കുറവില്ല. ഇന്നലെയും റെയിൽവേ സ്റ്റേഷന്റെ മുൻഭാഗവും റെയിൽവേ സ്റ്റേഷൻ - കർബല റോഡിന്റെ വശങ്ങളും നടപ്പാതകളും നിരനിരയായി ഇരുചക്ര വാഹനങ്ങളും കാറുകളും കൈയേറി.

കഴിഞ്ഞ ദിവസം പിഴ ലഭിച്ചവർ മാത്രം മറ്റ് സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ മാറ്റി പാർക്ക് ചെയ്തു. എന്നാൽ പൊലീസ് നടപടിയറിയാത്തവർ വീണ്ടും റോഡ് വക്കുകൾ കൈയേറുകയായിരുന്നു.

പെട്ടെന്ന് ട്രെയിൻ കയറി പോകാനുള്ള തത്രപ്പാടിലാണ് പലരും റോഡ് വക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കൊട്ടിയം, കണ്ണനല്ലൂർ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും കർബല റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അതിരാവിലെ തന്നെ ഒന്നാം പ്രവേശന കവാടത്തിലെ പാർക്കിംഗ് കേന്ദ്രം നിറയും. പിന്നെ രണ്ടാം പ്രവേശന കവാടത്തിലെ സ്ഥലമുണ്ടാകൂ.

കൊട്ടിയം കണ്ണനല്ലൂർ ഭാഗങ്ങളിൽ നിന്നുള്ളവർ ചിന്നക്കടയോ കടപ്പക്കടയോ വഴി ചുറ്റി രണ്ടാം പ്രവേശന കവാടം വഴി പോകാൻ മെനക്കെടാറില്ല. അനധികൃത പാർക്കിംഗ് കാരണം കാൽനടയാത്രക്കാർ ബുദ്ധിമുട്ടുന്നതിനൊപ്പം ഈ ഭാഗത്ത് വാഹനാപകടങ്ങൾ നിത്യസംഭവമായിരിക്കുകയാണ്.

 നൂറ് വാഹനങ്ങൾക്ക് പിഴ

ഇന്നലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റോഡ് വക്കിൽ പാർക്ക് ചെയ്തിരുന്ന നൂറ് വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തി. ഇപ്പോൾ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്തെ അനധികൃത പാർക്കിംഗിനെതിരെയാണ് നടപടിയെടുക്കുന്നത്. വരുംദിവസങ്ങളിൽ കർബല റോഡിലെ നടപ്പാത കൈയേറ്റക്കാർക്കെതിരെയും നടപടി ഉണ്ടാകും.

 പാർക്കിംഗ് പോളിസി വരുന്നു

നഗരസഭയുടെ പാർക്കിംഗ് പോളിസി നിലവിൽ വരുന്നതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിംഗ് പൂർണമായും ഒഴിവാകും. റോഡിന്റെ ഒരുവശം ഫീസ് വാങ്ങിയുള്ള അംഗീകൃത പാർക്കിംഗ് കേന്ദ്രമായി മാറും. ഫീസ് നൽകേണ്ടി വരുന്നതോടെ പലരും റോഡ് വക്കിൽ പാർക്ക് ചെയ്യുന്നതിൽ നിന്ന് പിന്മാറും. ഈ മാസം 15ഓടെ നടപ്പാക്കാനാണ് ശ്രമം. അതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി.

ഹണി ബഞ്ചമിൻ (മേയർ)