കൊല്ലം: അവൾ ആ ബിസ്കറ്റ് കവറുമായി നടന്നു, അച്ചാമ്മവീടിന്റെ മുറ്റത്ത് ജമന്തിപ്പൂക്കൾ വിതറിയ മൺകൂനയോട് ചേർന്നിരുന്നു. സങ്കടം അടക്കാനാവാതെ അവൾ ഉറക്കെ കരഞ്ഞുവിളിച്ചു 'പൊന്നൂ, ഒന്നെണീക്കെടാ വാവേ... ബിസ്കറ്റ് നീയെടുത്തോ...'
തലേന്ന് രാത്രിയിൽ അച്ചാമ്മയ്ക്കൊപ്പം അത്താഴം കഴിച്ചു കഴിഞ്ഞാണ് ശിവജിത്ത് ബിസ്കറ്റ് കവർ പൊട്ടിച്ചത്. രാവിലെ ചായക്കൊപ്പം കഴിക്കാമെന്ന പിടിവാശിയോടെ ശിവഗംഗ അത് തട്ടിപ്പറിച്ച് മാറ്റിവച്ചു. അവൻ പരിഭവം കാണിച്ചെങ്കിലും ചേച്ചിക്കൊപ്പം കിടന്നു. രാത്രി പത്തോടെ പതിവുപോലെ അമ്മ വന്ന് ഉറങ്ങിക്കിടന്ന ശിവജിത്തിനെ എടുത്തുകൊണ്ട് പോയതൊന്നും ശിവഗംഗ അറിഞ്ഞതുമില്ല. രാവിലെ ഉറക്കമെഴുന്നേറ്റ് അധികം വൈകാതെ അനുജന്റെ വേർപാട് വാർത്തയറിഞ്ഞു.
അപ്പോൾ തുടങ്ങിയ കരച്ചിൽ അവൾക്ക് അടക്കാനാവുന്നില്ല. ബന്ധുക്കളായ കൊച്ചുകുട്ടികൾ വൈകുവോളം അവൾക്കൊപ്പമുണ്ടായിരുന്നു. അവരോടൊക്കെ കുഞ്ഞനുജന്റെ കാര്യങ്ങൾ പറഞ്ഞ് തേങ്ങുന്നുണ്ടായിരുന്നു. രണ്ടുദിവസം മുൻപ് അവന് ചുവന്ന നിറമുള്ള ചെരിപ്പ് വാങ്ങിയപ്പോൾ തനിക്ക് കിട്ടാഞ്ഞതിന്റെ പരിഭവം പറഞ്ഞതും വഴക്കിടുന്നതും കളിക്കുന്നതുമൊക്കെ വാതോരാതെ പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. കണ്ടുനിന്നവരുടെയെല്ലാം ഉള്ളം പൊള്ളിക്കുന്നുണ്ടായിരുന്നു ആ വർത്തമാനം.
അടക്കം കഴിഞ്ഞതോടെ ആൾക്കൂട്ടമൊഴിഞ്ഞു. അപ്പോഴാണ് അച്ചമ്മവീട്ടിലെ ആ ബിസ്കറ്റ് കൂടുമെടുത്ത് അനുജനെ അടക്കം ചെയ്തിടത്തേക്ക് അവളെത്തിയത്. സന്ധ്യമയങ്ങുമ്പോഴും ആ ഇരിപ്പ് തുടർന്നതിനാൽ ബന്ധുക്കൾ വളരെ പണിപ്പെട്ടാണ് ശിവഗംഗയെ വീട്ടിനുള്ളിലേക്ക് മാറ്റിയത്. ശിവജിത്ത് പഠിക്കുന്ന പൂവറ്റൂർ വെസ്റ്റ് ഗവ.എൽ.പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിനിയാണ് ശിവഗംഗ. ഇരുവരും ഒന്നിച്ചാണ് സ്കൂളിലേക്ക് പോകുന്നതും തിരികെ വന്നിരുന്നതും.