photo
കോട്ടാത്തല മൂഴിക്കോട് ചിറ

കൊട്ടാരക്കര: ലക്ഷങ്ങൾ ചെലവിട്ട് സംരക്ഷണ വേലി നിർമ്മിച്ചെങ്കിലും കോട്ടാത്ത മൂഴിക്കോട് ചിറയുടെ ശോച്യാവസ്ഥയ്ക്ക് ഇനിയും പരിഹാരമില്ല.

വേനൽക്കാലമെത്തിയതോടെ നാട് കുടിനീരിനായി നെട്ടോട്ടമോടുമ്പോഴാണ് ഒരുപാടുപേർക്ക് ആശ്രയമാകേണ്ട ചിറ നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡരികിലായി മൂഴിക്കോട് ജംഗ്ഷന് സമീപത്താണ് ചിറ സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്തും ഇവിടെ വെള്ളം വറ്റാറില്ല. മുമ്പ് പ്രദേശവാസികൾ തുണി അലക്കാനും കുളിക്കാനുമൊക്കെ ചിറയെയാണ് ആശ്രയിച്ചിരുന്നത്. ഇടക്കാലത്ത് വൃത്തിയാക്കിയപ്പോൾ നീന്തൽ കുളമായും മാറിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. ചിറയിലെ വെള്ളം തീർത്തും മലിനമാണ്. പായൽ മൂടുകയും ചുറ്റിനും കുറ്റിക്കാടുകൾ വളരുകയും ചെയ്തതോടെ ചിറ തീർത്തും ഉപയോഗശൂന്യമായി.

മൂഴിക്കോട് ചിറയിലെ വെള്ളത്തെ ആശ്രയിച്ച് മാത്രം വേനൽക്കാല കൃഷി നടത്തിയിരുന്ന ഏലയാണ് ഇതിനടുത്തുള്ളത്. മഴക്കാലത്തും വേനൽക്കാലത്തും ചിറയിൽ നിന്നുള്ള വെള്ളം റോഡിന്റെ അടിയിലൂടെ നിർമ്മിച്ച കനാൽ വഴി ഏലായിലേക്ക് തുറന്ന് വിടാറുണ്ടായിരുന്നു. കാർഷിക ആവശ്യങ്ങൾക്ക് വലിയ അനുഗ്രഹമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ അതും നിലച്ചതോടെ കർഷകരും പ്രതിസന്ധിയിലായി.

മറ കെട്ടി, ആളുകൾ മറന്നു

റോഡിനോട് ചേർന്നുള്ള ചിറ നേരത്തെ അപകടക്കെണിയായിരുന്നു. ചിറയിലേക്ക് വാഹനങ്ങൾ മറിഞ്ഞ സംഭവങ്ങളുമുണ്ടായി. നിരവധിപേർ ചിറയിൽ ആത്മഹത്യ ചെയ്തിട്ടുമുണ്ട്. ഇതിന് പരിഹാരം എന്ന നിലയിലാണ് മൈലം ഗ്രാമപഞ്ചായത്തും പി. ഐഷാ പോറ്റി എം.എൽ.എയും പദ്ധതികൾ തയ്യാറാക്കി ചിറയെ സംരക്ഷിച്ചത്. ഇടിഞ്ഞ കൽപ്പടവുകൾ കെട്ടി, വെള്ളം വറ്റിച്ച് ചെളി കോരിമാറ്റി. റോഡിന്റെ വശത്തായി കമ്പിവേലി നിർമ്മിച്ചു. മൂന്നാൾ പൊക്കത്തിൽ കമ്പിവേലി നിർമ്മിച്ച് ചിറയിലേക്ക് കടക്കാൻ വാതിലുകളും ഒരുക്കി. ഈ കമ്പിവേലികളിൽ വള്ളിപ്പടർപ്പുകൾ മൂടിയതോടെ ചിറ പുറമെ നിന്നും കാണാൻ വയ്യാത്ത സ്ഥിതിയായി. ഇപ്പോൾ തീർത്തും ഇത് മറയായി മാറി. അതോടെ ചിറയുടെ നാശം ആരുടെയും ശ്രദ്ധയിൽപ്പെടുന്നതുമില്ല.

സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷം

ചിറയിലേക്ക് കടക്കാനായി തയ്യാറാക്കിയ രണ്ട് വാതിലുകൾ സാമൂഹ്യ വിരുദ്ധർക്ക് അനുഗ്രഹമായി. മദ്യപിക്കാനും മറ്റ് പ്രവർത്തനങ്ങൾക്കും വാതിൽ തുറന്ന് അകത്ത് കയറാം. പുറമെ ആരുടെയും ശ്രദ്ധയിൽപ്പെടുകയുമില്ല. ഈ ശല്യം കൂടി വന്നിട്ടും അധികൃതർ അനങ്ങുന്നില്ല.

...........................................

കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് പരിസരം വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ഉടമസ്ഥാവകാശമുള്ള മൈലം ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. ചിറയിലെ പായലും ചെളിയും നീക്കം ചെയ്യണം. വെള്ളം വറ്റിച്ച് ശുദ്ധമാക്കണം. ഇത്രയുമായാൽ ഈ വേനൽക്കാലത്ത് ചിറ നാടിന് അനുഗ്രഹമായി മാറും.

നാട്ടുകാർ