കൊല്ലം: കുളത്തൂപ്പുഴയിൽ പാക് വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐയെ വെട്ടിച്ച് പാക്കിസ്ഥാനിലേക്ക് കടന്ന രണ്ടു പട്ടാളക്കാരെയും അന്വേഷണസംഘം സംശയിക്കുന്നതായി സൂചന. വർഷങ്ങൾക്ക് മുൻപ് കൊല്ലത്ത് കോളിളക്കം സൃഷ്ടിച്ച അലയമൺ കൊലക്കേസിലെ പ്രതികളാണ് ഈ പട്ടാളക്കാർ.
രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലുകയും അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പത്താൻകോട്ടെ പട്ടാള ക്യാമ്പിലായിരുന്ന ഇവർ സംഭവത്തിനുശേഷം അവിടെ തിരിച്ചെത്തിയില്ല.
കൊലപാതക കേസിന്റെ അന്വേഷണം പൊലീസും ക്രൈം ബ്രാഞ്ചും കടന്ന് സി.ബി.ഐയിലെത്തി. സി.ബി.ഐയുടെ ചെന്നൈ യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന കെ.ജയകുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് കൊലപാതകികളായ പട്ടാളക്കാർ ഇന്ത്യ വിട്ടതായി സൂചന ലഭിച്ചത്.ഇവർ പാക്കിസ്ഥാനിലേയ്ക്ക് കടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചതോടെ കേസ് അന്വേഷണം നിലയ്ക്കുകയും ചെയ്തിരുന്നു.
ഈ പട്ടാളക്കാർ അപ്രത്യക്ഷരായി മൂന്നോ നാലോ വർഷത്തിനുശേഷമാണ് തെന്മലയും കുളത്തൂപ്പുഴയും കേന്ദ്രീകരിച്ച് തീവ്രവാദ സംഘങ്ങളുടെ സാന്നിദ്ധ്യം വെളിപ്പെട്ടത്. ഇവിടെ തീവ്രവാദ ക്യാമ്പുകൾ നടന്നിരുന്നതായി നേരത്തെ പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടുമുണ്ടായിരുന്നു.
ഇവിടെ വെടിവയ്പ്പ് പരിശീലനം നൽകുന്നതിനായി പട്ടാളക്കാർ വരുകയോ അവർ കേരളത്തിൽ തങ്ങുകയോ ചെയ്തെന്നാണ് സംശയം. എന്നാൽ, ഇതുസംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നില്ല. അന്വേഷണകാര്യങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ലെന്നാണ് പൊലീസും ഭീകരവിരുദ്ധ അന്വേഷണ സ്‌ക്വാഡും പറയുന്നത്. വെടിയുണ്ട വന്നതു സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്.