കൊല്ലം: ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ് കഴിഞ്ഞ മാസം നഗരത്തിൽ നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്‌ത 330 പേരിൽ നിന്ന് പിഴ ഈടാക്കി. പിൻസീറ്റ് യാത്രക്കാർ ഉൾപ്പെടെ 417 യാത്രക്കാർക്കാണ് ആകെ പിഴ ചുമത്തിയത്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിന് നേരിട്ട് പിഴ നൽകാതിരുന്നവർക്ക് കോടതിയിൽ പിഴ ഒടുക്കാൻ നോട്ടീസ് നൽകി. കോടതിയിൽ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടിയും നേരിടേണ്ടി വരും. ഹെൽമെറ്റ് പരിശോധന കർശനമാക്കിയതോടെ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായെന്നാണ് പൊലീസ് വിലയിരുത്തൽ. മറ്റ് നിയമ ലംഘനങ്ങൾ 1,667 വാഹനങ്ങൾക്ക് പിഴ ചുമത്തി.