kisney
ലോക വൃക്കദിനത്തിനു മുന്നോടിയായി കൊല്ലം നവദീപ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ അണിനിരന്ന് ഭീമൻ വൃക്കയുടെ രൂപം സൃഷ്ടിച്ചപ്പോൾ

കൊല്ലം: കിഡ്നി സംരക്ഷണ സന്ദേശവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന് ഭീമൻ വൃക്കയുടെ രൂപമൊരുക്കി. ലോക വൃക്കദിനത്തിന് മുന്നോടിയായി സേവ് കിഡ്‌നി ഫൗണ്ടേഷനും കൊല്ലം നവദീപ് പബ്‌ളിക് സ്‌കൂളും സംയുക്തമായാണ് ലിംക ബുക് ഒഫ് റെക്കാർഡ്‌സിൽ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂൾ അങ്കണത്തിൽ വൃക്കയുടെ രൂപമൊരുക്കിയത്.

കുട്ടികളിൽ വൃക്കരോഗ വ്യാപന നിരക്ക് വർദ്ധിക്കാൻ കാരണം മാതാപിതാക്കളുടെ ജീവിതശൈലിയാണെന്ന് വൃക്കദിന സന്ദേശം നൽകിയ പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ. പ്രവീൺ നമ്പൂതിരി പറഞ്ഞു. പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ പ്രധാന്യം വിദ്യാർത്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സേവ് കിഡ്നി ഫൗണ്ടേഷൻ ആവിഷ്കരിച്ച സേവ് കിഡ്നി, സേവ് ലൈഫ്- വൃക്കരോഗ അവബോധ പ്രചാരണ പദ്ധതിയുടെ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ഡോ. പ്രവീൺ നമ്പൂതിരി നിർവഹിച്ചു.

വൃക്കരോഗത്തെ കുറിച്ച് ഡോ.പ്രവീൺ നമ്പൂതിരി രചിച്ച ലഘു പുസ്തകത്തിന്റെ പ്രകാശനം നവദീപ് പബ്‌ളിക് സ്‌കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ നിർവഹിച്ചു. ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മെഡിക്കൽ സെമിനാറുകളും വൃക്കരോഗ നിർണയ ക്യാമ്പുകളും ലോക വൃക്കദിനമായ മാർച്ച് 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വൃക്കരോഗികൾക്ക് മരുന്നുകളും ഡയലൈസറുകളും സൗജന്യമായി നൽകും. നവദീപ് പബ്‌ളിക് സ്‌കൂൾ പ്രിൻസിപ്പൽ ശ്രീനിവാസൻ ശ്യാമ സ്വാഗതം ആശംസിച്ചു. സീനിയർ പ്രിൻസിപ്പൽ പ്രീതി ക്ലീറ്റസ്, ഡയറക്ടർ അരവിന്ദ് ക്ലീറ്റസ്, ഡോ. നിശിത, ഡോ. ദ്രൗപദി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.