പുനലൂർ: തെന്മല ഉറുകുന്നിൽ പന്ത്രണ്ട് വയസുകാരിയെ വിരട്ടിയോടിച്ച സംഭവത്തിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ വിട്ടയച്ച സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ തെന്മല സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സമരം. ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപത്ത് ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു പെൺകുട്ടിയെ യുവാവ് ഓടിച്ചത്.
സ്കൂൾ വിട്ടെത്തിയ കുട്ടികൾക്ക് പുറകെ നടന്ന യുവാവിനെ കണ്ട് ഭയന്ന വിദ്യാർത്ഥിനി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്ന് കാട്ടിൽ കയറി ഒളിച്ച യുവാവ് ഉറുകുന്നിലെ വലതുകര കനാലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ കനാലിലെ കുഴിയിൽ അകപ്പെട്ട യുവാവ് നീന്തി കരയിൽ എത്തുകയായിരുന്നു. കനാലിന്റെ കരയിൽ കണ്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ പൊലീസ് ഇയാളെ തമിഴ്നാട്ടിലേക്കുള്ള ബസിൽ കയറ്റി വിടുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് പ്രതിയെ വിട്ടയച്ച സംഭവം അറിയുന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. റൂറൽ എസ്.പിയുമായി പ്രതിഷേധക്കാർ ഫോണിൽ സംസാരിച്ചതിന് ശേഷം നടപടി ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മനോനില തെറ്റിയ യുവാവിനെയാണ് നാട്ടുകാർ പിടികൂടിയതെന്നും സംഭവസമയത്ത് ആർക്കും പരാതിയില്ലാതിരുന്നതിനെ തുടർന്നാണ് ഇയാളെ വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു.