kollam-corporation
കൊല്ലം കോർപ്പറേഷന്റെ ദുരന്ത നിവാരണ പദ്ധതി സെമിനാർ കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രകൃതി ദുരന്തങ്ങളടക്കമുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനും കൊല്ലം കോർപ്പറേഷൻ സി. കേശവൻ സ്മാരക ടൗൺ ഹാളിൽ സംഘടിപ്പിച്ച 'നമ്മൾ നമുക്കായി' വികസന സെമിനാറിൽ 32 ഇന ദുരന്ത നിവാരണ പദ്ധതി അവതരിപ്പിച്ചു. അടിയന്തരഘട്ട സേനാംഗങ്ങളുടെ രൂപീകരണം, ബഹുജന കാമ്പയിന്റെ സംഘാടനം, സന്ദേശ വിനിമയ മാർഗങ്ങൾ, ഹരിത നിർമ്മിതികൾ, ജലനിർഗമന മാർഗങ്ങൾ, ദുരിതാശ്വാസ ഷെൽട്ടറുകളുടെ സ്ഥാപനം, ആരോഗ്യ കേന്ദ്രങ്ങളിലെ തയ്യാറെടുപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കോർപ്പറേഷൻ ഡിവിഷനുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന എമർജൻസി റെസ്‌പോൺസ് ടീമുകൾക്ക് പ്രഥമശുശ്രൂഷ, ദുരന്ത ബാധിതരെ മാറ്റി താമസിപ്പിക്കൽ എന്നിവയിൽ പരിശീലനം നൽകും. അപകട മുന്നറിയിപ്പ് നൽകൽ, പ്രാദേശിക ഭൂപ്രകൃതിയെ സംബന്ധിച്ച ധാരണ ഉണ്ടാക്കൽ എന്നിവയെല്ലാം പരിശീലനത്തിലുണ്ടാകും. സാങ്കേതിക ജോലികൾ പരിചയിച്ചിട്ടുള്ള മേസ്തിരിമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ഡ്രൈവർമാർ, ക്രെയിൻ ഓപ്പറേറ്റർമാർ തുടങ്ങയിവരെയും സംഘത്തിന്റെ ഭാഗമാക്കും.
കോർപ്പറേഷനെ ഹരിത നഗരമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ വീടുകൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ 50,000 ബഡ് ചെയ്ത ചെടികൾ നട്ടുപിടിപ്പിക്കും. കാർഷിക സാക്ഷരതാ നഗരം, തരിശുരഹിത നഗരം എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളും സജീവമാക്കും. മഴക്കൊയ്ത്ത്, ഉറവിട മാലിന്യ സംസ്‌കരണം, പാരമ്പര്യേതര ഊർജ്ജ ഉപയോഗം എന്നിവ പാലിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നികുതിയിളവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള പ്രശ്‌നങ്ങളെ മനസിലാക്കിയുള്ള സമീപനം തദ്ദേശ സ്ഥാപന പദ്ധതി രൂപീകരണങ്ങളിൽ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മേയർ ഹണി ബഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, മുൻ മേയർ വി. രാജേന്ദ്രബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സത്താർ, പി.ജെ. രാജേന്ദ്രൻ, ഗിരിജാ സുന്ദരൻ, ചിന്ത എൽ. സജിത്ത്, വി.എസ്. പ്രയദർശനൻ, ഷീബാ ആന്റണി, ടി.ആർ. സന്തോഷ്‌കുമാർ, ജില്ലാ ആസൂത്രണ സമിതി അംഗം എം. വിശ്വനാഥൻ, കൗൺസിലർ വിജയാ ഫ്രാൻസിസ്, കോർപ്പറേഷൻ സെക്രട്ടറി എ.എസ്. അനൂജ, അഡീഷണൽ സെക്രട്ടറി എ.എസ്. നൈസാം തുടങ്ങിയവർ പങ്കെടുത്തു.