hopital
ആശുപത്രി വാരന്തയിൽ കിടക്കുന്ന രോഗി

കൊല്ലം: 'പൊന്നുമോനെ പനിച്ച് വിറച്ച് വയ്യ, ഛർദ്ദിയും ശരീരം വേദനയുമായിട്ട് വന്നതാണ്, ഇപ്പോൾ ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല. അകത്ത് കട്ടിലിൽ രണ്ടും മൂന്നും പേരാണ് കിടക്കുന്നത്. കാശ് ഉണ്ടായിരുന്നേൽ വേറെ ആശുപത്രിയിൽ പോയെനെ'. ജില്ലാ ആശുപത്രിയിലെ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള ജെറിയാട്രിക് വാർഡിൽ വരാന്തയിൽ കിടക്കുന്ന എഴുപത്തിരണ്ടുകാരനായ ജോനകപ്പുറം സ്വദേശി അൽഫോൺസ് വിറച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വന്നതാണ് അൽഫോൺസ്. 'പുലർച്ചെയാകുമ്പോൾ തണുപ്പ് കാരണം കിടുങ്ങി വിറയ്ക്കും. ഇവിടെ ഇങ്ങനെ കിടന്നാൽ പനി കൂടുകയേയുള്ളു, ഞങ്ങൾ പാവങ്ങളാ വേറെ വഴിയില്ല.' അൽഫോൺസിന്റെ ഭാര്യ പറഞ്ഞു. അൽഫോൺസ് മാത്രമല്ല. തൊട്ടടുത്ത് 76 വയസുള്ള തഴവ സ്വദേശി യശോധരൻ കഴിഞ്ഞ ശനിയാഴ്ച മുതൽ വരാന്തയിൽ കിടക്കുകയാണ്. ശരീരമാസകലം പെരുപ്പുമായി വന്നതാണ്. 'ദാ ഈ തറയിൽ കിടന്ന് പെരുപ്പ് ഇരട്ടിയായി. പനിയും തലവേദനയുമായി' യശോധരൻ ഇങ്ങനെ പറയുന്നതിനിടയിൽ പലതവണ ചുമച്ചു. അടുത്തായി ചൊവ്വാഴ്ച വന്ന കുണ്ടറ സ്വദേശി ശശിധരനും കിടപ്പുണ്ട്.

സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും രോഗീ സൗഹൃദമാക്കാനും ആർദ്രം പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ ചെലവിടുമ്പോഴാണ് ജില്ലാ ആശുപത്രിയിൽ രോഗികൾ നിലത്ത് കിടക്കുന്നത്. നിലത്തായത് കൊണ്ട് വിരിച്ച് കിടക്കാൻ ഒരു ഷീറ്റ് പോലും നൽകില്ല. കഷ്ടിച്ച് അഞ്ചടി വീതിയേ വരാന്തയ്ക്കുള്ളു. നിലത്ത് കിടക്കുന്ന രോഗികൾക്കരികിലൂടെയാണ് തൊട്ടടുത്തുള്ള കക്കൂസിലേക്ക് രോഗികൾ പോകുന്നതും വരുന്നതും. ഇവിടെ ഐ.സി.യുവിൽ പോലും പലതവണ അണുബാധ ഉണ്ടായിട്ടുണ്ട്. പിന്നെ ഈ വരാന്തയ്ക്ക് എന്ത് സുരക്ഷ!. ചെറിയ രോഗങ്ങളുമായി ഇവിടെ വരുന്നവർ വലിയ രോഗങ്ങളുമായി മടങ്ങുന്ന അവസ്ഥയാണ്.

യൂറിൻ ബാഗ് രോഗി തന്നെ ചുമക്കണം

കുറഞ്ഞത് 90 വയസെങ്കിലും പ്രായമുള്ള വൃദ്ധ കക്കൂസിൽ നിന്ന് തപ്പിത്തടഞ്ഞ് വരികയാണ്. കൈയിൽ യൂറിൻ ബാഗും കട്ട്പീറ്ററുമുണ്ട് (മൂത്രം ശേഖരിക്കുന്നതിനുള്ള സംവിധാനം). നഴ്സുമാർ പലതവണ നടന്നുപോയെങ്കിലും സഹായിക്കാൻ തയ്യാറായില്ല. ഓരോ ചുവട് വയ്ക്കുമ്പോഴും ശരീരത്തിൽ അനുഭവപ്പെടുന്ന വേദന വൃദ്ധയുടെ മുഖത്ത് തെളിയുന്നുണ്ട്. ഒരു കൈ കൊണ്ട് ചുമരിൽ പിടിച്ച്, പിടിച്ചാണ് വൃദ്ധ കട്ടിലിന് അരികിലെത്തിയത്. ഇത് ജില്ലാ ആശുപത്രിയിലെ പതിവ് കാഴ്ചയാണ്. ഡ്രെയിനേജ് ട്യൂബുകളും ബാഗും കൈയിൽ പിടിച്ച് രോഗികൾ ഫാർമസിക്ക് മുന്നിൽ ക്യൂ നിൽക്കുന്നുമുണ്ട്. പരിശോധനകൾക്കുള്ള പണം അടയ്ക്കാനും പോകുന്നുണ്ട്. വീൽ ചെയറുകൾ മുക്കിലും മൂലയിലും കിടപ്പുണ്ട്. വേണമെങ്കിൽ സ്വയം ഉരുട്ടിപ്പൊയ്ക്കോളൂ എന്ന നിലപാടിലാണ് ജീവനക്കാർ.

കരിമല പോലെ കാർഡിയാക് ഐ.സി.യു

കരിമല കയറ്റം പോലെയാണ് ജില്ലാ ആശുപത്രിയുടെ നാലാം നിലയിൽ പ്രവർത്തിക്കുന്ന കാർഡിയാക് ഐ.സി.യുവിലേക്കുള്ള യാത്ര. ലിഫ്ട് പണിമുടക്കിയാൽ ഹൃദ്രോഗികൾ പടികൾ നടന്നുകയറണം. അല്ലെങ്കിൽ വീൽ ചെയറുകളിൽ ചുമന്ന് കയറ്റണം. പുനർനിർമ്മാണത്തിനായി ചൊവ്വാഴ്ച വരെ ലിഫ്ട് അടച്ചിട്ടിരിക്കുകയായിരുന്നു. കാർഡിയാക്, സർജിക്കൽ ഐ.സി.യുകളിലേക്ക് രോഗികളെ വീൽ ചെയറുകളിൽ കൂട്ടിരിപ്പുകാർ ചുമന്ന് കൊണ്ടുപോകുന്നത് പതിവ് കാഴ്ചയായിരുന്നു. ലിഫ്ട് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വീൽ ചെയറുകളിൽ രോഗികളെ കൊണ്ടുപോകാൻ റാമ്പ് സ്ഥാപിക്കണമെന്ന് കാലങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

ലൈസൻസില്ലാതെ ബ്ലഡ് ബാങ്ക്

ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കഴിഞ്ഞ മൂന്ന് വർഷമായി ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. 2012ലാണ് ഏറ്റവുമൊടുവിൽ ലൈസൻസ് പുതുക്കിയത്. അഞ്ച് വർഷമായിരുന്നു കാലാവധി. 2017ൽ വീണ്ടും അപേക്ഷിച്ചപ്പോൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധിച്ചപ്പോഴാണ് തൊട്ടടുത്തുള്ള മാലിന്യസംസ്കരണ പ്ലാന്റ് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ലൈസൻസ് പുതുക്കി നൽകിയില്ല. വീണ്ടും പലതവണ അപേക്ഷിച്ചെങ്കിലും അണുബാധ സാദ്ധ്യതയുള്ള എയ്റോബിക് യൂണിറ്റ് മാറ്റാതെ ലൈസൻസ് നൽകില്ലെന്ന നിലപാടിലായിരുന്നു ഡ്രഗ്സ് കൺട്രോൾ വിഭാഗം. ഇപ്പോൾ താത്കാലിക ലൈസൻസിലാണ് പ്രവർത്തിക്കുന്നത്.

എക്സേറേ യൂണിറ്റ് കോമ സ്റ്റേജിൽ

കാഷ്വാലിറ്റിയിലെ എക്സ്റേ യൂണിറ്റിന് താഴ് വീണിട്ട് ഒരു വർഷം പിന്നിടുന്നു. ലൈസൻസ് വാങ്ങാതിരുന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഏജൻസിയായ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി) ഉദ്യോഗസ്ഥരെത്തി യൂണിറ്റ് പൂട്ടുകയായിരുന്നു. അപകടങ്ങളിൽപ്പെട്ട് ഒടിവും ചതവുമായി എത്തുന്നവരെ എക്സറേയെടുക്കാൻ മെയിൻ ബ്ലോക്കിലെ എക്സ്റേ യൂണിറ്റിൽ കൊണ്ടുപോകേണ്ട അവസ്ഥയാണ്. രണ്ടുവർഷം മുൻപ് സ്വകാര്യ ഏജൻസി യൂണിറ്റ് സ്ഥാപിച്ചപ്പോൾ ജില്ലാ ആശുപത്രി അധികൃതർ എ.ഇ.ആർ.ബി ലൈസൻസിനെക്കുറിച്ച് ചിന്തിച്ചതേയില്ല. ഇപ്പോൾ ലൈസൻസിനായി സ്വകാര്യ ഏജൻസിയുടെ പിന്നാലെ നടക്കുകയാണ്.

ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള

ലിഫ്ടിന് സ്ട്രോക്ക്

ഐ.സി.യുവിലേക്കുള്ള ലിഫ്ട് മാറ്റി സ്ഥാപിക്കുന്ന സമയത്ത് പൂർണസമയം പ്രവർത്തിച്ചതിനെ തുടർന്ന് ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള ലിഫ്ടിന്റെ മോട്ടർ കഴിഞ്ഞ ദിവസം കത്തിപ്പോയി. 38 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഐ.സി.യുവിലേക്കുള്ള ലിഫ്ടിന്റെ സ്ഥിതിയും വല്ലാത്ത കഷ്ടത്തിലാണ്. ലിഫ്ടിന്റെ ഉൾഭാഗത്ത് കഷ്ടിച്ച് ഏഴ് അടി നീളമേയുള്ളു. ജില്ലാ ആശുപത്രിയിൽ നിലവിലുള്ള സ്ട്രെച്ചറുകൾ ഭൂരിഭാഗവും ലിഫ്ടിൽ കയറില്ല. ലിഫ്ടിൽ കയറ്റാനായി തൊട്ടടുത്തുള്ള വിക്ടോറിയ ആശുപത്രിയിൽ നിന്ന് കടം വാങ്ങിയ സ്ട്രെച്ചറുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.