പുനലൂർ: പുനലൂർ നഗര മദ്ധ്യത്തിലെ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന കോടതികൾ ഒരു കുടക്കീഴിൽ കൊണ്ടു വരാനായി ചെമ്മന്തൂരിലെ ശ്രീനാരായണ കോളേജ് ജംഗ്ഷന് സമീപത്ത് പണി തുടങ്ങിയ കോടതി സമുച്ചയത്തിന്റെ അവസാന ഘട്ട നിർമ്മാണം മന്ദ ഗതിയിൽ. ഇതോടെ കോടതി സമുച്ചയത്തിന്റെ സമർപ്പണം അനന്തമായി നീളുമോ എന്ന ആശങ്കയിലാണ് അധികൃതർ. അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലയിൽ പണിതുയർത്തിയ കോർട്ട് കോംപ്ലക്സിൻെറ അവസാന ഘട്ട നിർമ്മാണ പ്രവർത്തനമാണ് അനന്തമായി നീളുന്നത്. കെട്ടിടത്തിനോട് ചേർന്ന് ജഡ്ജിമാർ അടക്കമുളളവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണിത കെട്ടിടത്തിന്റെ നിർമ്മാണം കരാറുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്. ഫണ്ടിന്റെ അഭാവം മൂലമാണ് ഇതിന്റെ പണി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്തതെന്ന് കരാറുകാരൻ പറയുന്നു. കോർട്ട് കോംപ്ലക്സിൽ ലിഫ്റ്റിന്റെ പണികൾ ഇത് വരെ ആരംഭിച്ചിട്ടില്ല. ഇലട്രിക്, പ്ലമ്പിംഗ് ജോലികളും ചായം പൂശലുമാണ് നടന്ന് വരുന്നത്. ലിഫ്റ്റിൻെറ പണി പ്രത്യേക കരാറുകാരനെ ഏൽപ്പിച്ചിരിക്കുകയാണ്. കാർ ഷെഡുകളുടെ ഒരു നിലയുടെ കോൺക്രീറ്റ് കഴിഞ്ഞെങ്കിലും പണത്തിൻെറ അഭാവം മൂലം തുടർന്ന് ചെയ്യാനാവാത്ത അവസ്ഥയാണെന്ന് കരാറുകാരൻ പറയുന്നു.
കെട്ടിട നിർമ്മാണത്തിന് 38 കോടി
എട്ട് വർഷം മുമ്പ് മൂന്ന് നിലയിൽ പണിയാൻ പദ്ധതിയിട്ട കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിരിജഗൻ ആണ് നിർവഹിച്ചത്. ഇതിനായി 33 കോടി രൂപ അന്ന് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ രണ്ട് നിലയുടെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞപ്പോൾ തുക തികയാതെ വന്നു. ഇതോടെ കരാറുകാരൻ പണി ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. പിന്നീട് നാല് വർഷത്തോളം നിർമ്മാണം മുടങ്ങിയ കെട്ടിട സമുച്ചയത്തിൽ കൂറ്റൻ കാടുകൾ വളർന്ന് ഉയരുകയായിരുന്നു. ഇത് കണക്കിലെടുത്ത് കെട്ടിടം നാല് നിലയിൽ പണിയാനായി സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു മുൻകൈയെടുത്ത് 33കോടി രൂപക്ക് പുറമേ കഴിഞ്ഞ വർഷം അഞ്ച് കോടിയോളം രൂപ വീണ്ടും അനുവദിപ്പിച്ചു. തുടർന്ന് അഞ്ച് നിലയിൽ കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണം പുരോഗമിച്ചു വരുകയായിരുന്നു. അതിനിടെയാണ് ഫണ്ടിന്റെ അഭാവം നേരിടേണ്ടി വന്നത്.
അത്യാധുനിക സൗകര്യങ്ങൾ
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കുന്ന കോടതി സമുച്ചയത്തിനുള്ളിൽ നിരവധി കോർട്ടുകൾ, കോൺഫറൻസ് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ജീവനക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക മുറികൾ , കാർ പാർക്കിംഗ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം തുടർന്നുളള നിർമ്മാണ ജോലികൾ മന്ദഗതിലാണ് പുരോഗമിക്കുന്നത്. പുനലൂർ പട്ടണത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന സബ് കോടതിക്ക് പുറമേ വനം, എം.എ.സി.ടി, സിവിൽ, രണ്ട് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതികൾ തുടങ്ങിയവ നിർമ്മാണ ജോലികൾ പൂർത്തിയായി വരുന്ന കോർട്ട് കോംപ്ലക്സിലേക്ക് മാറ്റും.