ministt
പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് 3 കോടി രൂപ ചെലവഴിച്ച് പണിത ഹൈടെക് സ്കൂൾ കെട്ടിട സമുച്ചയം മന്ത്രി പ്രൊഫ. സി. രവീന്ദരനാഥ് നാടിന് സമർപ്പിക്കുന്നു. മന്ത്രി കെ. രാജു, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ , ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

പുനലൂർ: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അടുത്ത അദ്ധ്യയന വർഷത്തിൽ കേരളത്തിലെ 40 ലക്ഷം വിദ്യാർത്ഥികൾക്ക് പഠനത്തിനായി അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് 3 കോടി രൂപ ചെലവഴിച്ച് പണിത ഹൈടെക് സ്കൂൾ കെട്ടിട സമുച്ചയ സമർപ്പണവും സ്കൂളിൻെറ 116-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് മികവുറ്റ വിദ്യാഭ്യാസസൗകര്യം ഒരുക്കാനാണ് പൊതുവിദ്യലയങ്ങൾ ഹൈടെക്കാക്കുന്നത്. 5500 കോടി രൂപയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി സർക്കാർ ചെലവഴിച്ചത്. ഈ മാസം അവസാനത്തോടെ എൽ.പി മുതൽ മുകളിലോട്ടുളള എല്ലാ സ്കൂളുകളെയും ഹൈടെക്കാക്കി മാറ്രും. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലാണ് കേരളമെന്നും അദ്ദേഹം വ്യാക്തമാക്കി. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീല രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ഓമനക്കുട്ടൻ, സാബു അലക്സ്, സുഭാഷ് ജി. നാഥ്, ബി. സുജാത, അംജത്ത് ബിനു, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, വാർഡ് കൗൺസിലർ സുരേന്ദ്രനാഥ തിലകൻ, പി.ടി.എ പ്രസിഡന്റ് ജെ. ഡേവിഡ്, ജില്ലാ കോ- ഓർഡിനേറ്റർ റെനി ആന്റണി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. ഷീല, പ്രിൻസിപ്പൽ ഐ. രാജശ്രീ, പ്രഥമാദ്ധ്യാപിക സി.എസ്. അമൃത, കെ. ധർമ്മരാജൻ, പി. ബാനർജി, എസ്. നൗഷറുദ്ദീൻ, കെ.കെ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.