 പിടിയിലായത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി

കൊല്ലം: ജോലിക്കിടയിൽ മദ്യപിച്ച എസ്.ഐയെ എസ്.പിയുടെ നിർദ്ദേശപ്രകാരം കൈയോടെ പൊക്കി. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ചിലെ എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായ സലീമാണ് കുടുങ്ങിയത്. അന്വേഷണ വിധേയമായി സലിമിനെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും.

കുളത്തൂപ്പുഴയിൽ വെടിയുണ്ട കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിൽക്കുമ്പോൾ ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് എസ്.പി ഹരിശങ്കറിന് കൊട്ടാരക്കര ഗാന്ധിമുക്കിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മദ്യപിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്. എസ്.പി ഉടൻ കൊട്ടാരക്കാര എസ്.ഐ രാജീവിനെ വിവരം അറിയിച്ചു. എസ്.ഐ സ്ഥലത്ത് എത്തിയപ്പോൾ സലീം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസാരിച്ചപ്പോൾ തന്നെ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് രക്തപരിശോധന നടത്തി മദ്യപിച്ചതായി സ്ഥിരീകരിച്ചു.

റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ രാത്രി ഒരു ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ ഉണ്ടാകാറുള്ളൂ. സലീമിനെ കസ്റ്റഡിയിലെടുത്തതോടെ കൊട്ടാരക്കര സ്റ്റേഷനിൽ നിന്ന് മറ്റൊരു പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. 12 ഓടെ സലീമിനെ വിട്ടയച്ചു.

റിപ്പോർട്ട് കൈമറി

എസ്.ഐ ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചിരുന്നതായി വ്യക്തമാക്കുന്ന റിപ്പോർട്ട് കൊട്ടാരക്കര എസ്.ഐ റൂറൽ എസ്.പിക്ക് നൽകി. റൂറൽ എസ്.പി ഹരിശങ്കർ ഇന്നലെ രാവിലെ തിരുവനന്തപുരം ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിന് അത്‌ കൈമാറി. എ.എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് നേരെ എസ്.പിക്ക് നടപടിയെടുക്കാം. എസ്.ഐ ആയതിനാൽ ഡി.ഐ.ജിയാണ് നടപടിയെടുക്കേണ്ടത്.