കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയനുസരിച്ച് പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട ചികിത്സകൾ ഫണ്ടിന്റെ അപര്യാപ്തത മൂലം താളം തെറ്റുന്നു. പദ്ധതിപ്രകാരം രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ റിലയൻസ് ഇൻഷ്വറൻസ് കമ്പനി ആശുപത്രിക്ക് 50 ലക്ഷത്തോളം രൂപ നൽകാനുണ്ട്. ഈ ഫണ്ട് മുടങ്ങിയതാണ് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ 4 മാസമായി ഇൻഷ്വറൻസ് കമ്പനി ഒരു രൂപ പോലും ആശുപത്രിക്ക് നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ടെന്റർ ഒരു വർഷത്തേക്ക് സർക്കാർ നൽകിയിരിക്കുന്നത് റിലയൻസ് ഇഷ്വറൻസ് കമ്പനിക്കാണ്. ഇൻഷ്വറൻസ് കമ്പനി നൽകാനുള്ള പണം ഉടനെ നൽകിയില്ലെങ്കിൽ ആശുപത്രിയുടെ സുഗമമായ പ്രവർത്തനം തടസപ്പെടും. കായകല്പം അവാർഡിന് സംസ്ഥാനത്ത് 3-ാം സ്ഥാനം കരസ്ഥമാക്കിയത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയാണ്.
ആശുപത്രിക്ക് ലഭിക്കാനുള്ളത് 50 ലക്ഷം രൂപ
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയനുസരിച്ച് രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ ആശുപത്രിക്ക് റിലയൻസ് ഇൻഷ്വറൻസ് കമ്പനി 50 ലക്ഷത്തോളം രൂപ നൽകാനുണ്ട്. ഈ ഫണ്ട് മുടങ്ങിയതാണ് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ 4 മാസമായി ഇൻഷ്വറൻസ് കമ്പനി ഒരു രൂപ പോലും ആശുപത്രിക്ക് നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പണം നൽകേണ്ടത് ഇൻഷ്വറൻസ് കമ്പനി
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിട്ടുള്ള ഒരു രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു കഴിഞ്ഞാൽ തുടർന്നുള്ള എല്ലാ ചികിത്സയും പൂർണമായും സൗജന്യമായിരിക്കും. ഒരു രോഗിയെ കിടത്തി ചികിത്സിക്കുന്നതിന് ഒരു ദിവസം 500 രൂപ വെച്ച് ഇൻഷ്വറൻസ് കമ്പനി ആശുപത്രിക്ക് നൽകണമെന്നാണ് കരാർ വ്യവസ്ഥ. ഇതോടൊപ്പം എക്സിറേ, ഇ.സി.ജി, ലാബിലെ പരിശോധനകൾ തുടങ്ങിയവയും സൗജന്യമായിരിക്കും. ഇതിനെല്ലാം ചെലവാകുന്ന പണം ഇൻഷ്വറൻസ് കമ്പനിയാണ് നൽകേണ്ടത്.
ആശുപത്രി നൽകേണ്ടത് 16 ലക്ഷം
ആശുപത്രിയിൽ ലഭ്യമല്ലാത്ത സ്കാനിംഗും മറ്റ് മരുന്നുകളും പുറത്ത് നിന്നുള്ള സ്ഫാപനങ്ങളിൽ നിന്നാണ് ലഭ്യമാക്കുന്നത്. ഈ ഇനത്തിൽ 16 ലക്ഷത്തോളം രൂപ പുറത്തുള്ള സ്ഥാപനങ്ങൾക്ക് ആശുപത്രി നൽകാനുണ്ട്. ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും പണം ലഭിച്ചെങ്കിൽ മാത്രമേ ഈ തുക കൊടുത്തു തീർക്കാൻ കഴിയൂ. താലൂക്ക് ആശുപത്രിയിലെ ലാബിൽ പ്രതിമാസം 20 ലക്ഷത്തോളം രൂപയുടെ പരിശോധനകളാണ് നടത്തുന്നത്. ഇതിൽ 9 ലക്ഷത്തോളം രൂപയുടെ പരിശോധനകളും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള രോഗികൾക്ക് സൗജന്യമായി ചെയ്തു കൊടുത്തതാണ്. ഈ തുകയും ഇൻഷ്വറൻസ് കമ്പനി ആശുപത്രിക്ക് നൽകാനുണ്ട്.
ജീവനക്കാരുടെ ശമ്പളം വൈകുന്നു
പി.എം.എസ്. എ.വൈ പദ്ധതിയനുസരിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 40 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസം 450 രൂപയാണ് ഒരാൾക്ക് ശമ്പളം. ഇവർക്ക് ശമ്പളം നൽകിയിരുന്നത് ഇഷ്വറൻസ് കമ്പനി നൽകുന്ന ഫണ്ടിൽ നിന്നായിരുന്നു. ഫണ്ട് മുടങ്ങിയതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ ആശുപത്രി അധികൃതർ ബുദ്ധിമുട്ടുകയാണ്.