പത്തനാപുരം: പട്ടാഴി മാലൂർ കോളേജ് ജംഗ്ഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുണ്ടായ തീപിടിത്തം ജനവാസ മേഖലയിലേക്ക് പടരാതിരിക്കാൻ ആത്മധൈര്യത്തോടെ പ്രവർത്തിച്ച കുട്ടികൾക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകാൻ പട്ടാഴി വടക്കേക്കര പഞ്ചായത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും.
മാലൂർ എം.ടി.ഡി.എം സ്‌കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് കുട്ടികളെ നോമിനേറ്റ് ചെയ്യാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചത്. വൻദുരന്തം മുന്നിൽ കണ്ട് അവസരോചിതമായി ഇടപെട്ട നാല് വിദ്യാർത്ഥികൾ ഇപ്പോൾ നാട്ടിലെ താരങ്ങളാണ്. കുട്ടിക്കൂട്ടത്തിന്റെ നേതാവായ രതീഷ് ഭവനിൽ രതീഷ് - അംബിക ദമ്പതികളുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്തുവിന് മാലൂർ എം.ടി.ഡി.എം സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മാലൂർ വാലുതുണ്ടിൽ വീട്ടിൽ ഓമനക്കുട്ടൻ - സൗമ്യ ദമ്പതികളുടെ മകൻ ആറാം ക്ലാസുകാരനായ ശ്രീക്കുട്ടൻ, ബാബു - രാജി ദമ്പതികളുടെ മകൻ നാലാം ക്ലാസ് വിദ്യാർത്ഥി ബിജിൽ, അനിൽകുമാർ - അമ്പിളി ദമ്പതികളുടെ മകൻ എട്ടാംക്ലാസ് വിദ്യാർത്ഥി ആദിത്യൻ എന്നിവരാണ് തീ അണയ്ക്കാൻ അനന്തുവിനൊപ്പമുണ്ടായിരുന്നത്.
പത്തനാപുരം മൗണ്ട് താബോർ ദയറാ മാനേജ്‌മെന്റും പൗരാവലിയും വരും ദിവസങ്ങളിൽ കുട്ടികൾക്ക് സ്വീകരണം നൽകും. കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടാഴി മാലൂർ കോളേജ് ജംഗ്ഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തീ പടർന്നത്. മുതിർന്നവർ പോലും നിസഹായരായി നോക്കി നിൽക്കുമ്പോഴാണ് പ്രദേശവാസികളായ കുട്ടികൾ താഴ്ചയിൽ നിന്ന് വെള്ളം എത്തിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചത്. ഇവരുടെ പ്രയത്നം മൂലമാണ് സമീപ വീടുകളിലേക്കും തോട്ടങ്ങളിലേക്കും തീ പടരാതിരുന്നത്. ആവണീശ്വരത്ത് നിന്ന് അഗ്‌നിശമന സേന എത്തിയപ്പോഴേക്കും കുട്ടിക്കൂട്ടം തീ നിയന്ത്രണവിധേയമാക്കിയിരുന്നു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മൗണ്ട് താബോർ ദയറാ സെക്രട്ടറി ഫാ.ബെഞ്ചമിൻ മാത്തൻ പൊന്നാടയും മൊമന്റോയും നൽകി അനന്തുവിനെ ആദരിച്ചു. ഫാ.മിഖായേൽ, ഫാ.ജെയിംസ്, ഷാജി ലൂക്ക് തുടങ്ങിയവർ സംസാരിച്ചു.